തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച വിദഗ്‌ധരുടെ യോഗം ഇന്ന്. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക.
കൊവിഡ് പ്രതിരോധത്തില്‍ മാറ്റം
എല്ലാ മെഡിക്കല്‍ കോളജുകളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്‌ടര്‍മാര്‍, ചികിത്സ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്‌ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്‌ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ബുധനാഴ്‌ചത്തെ യോഗം. ഈ യോഗത്തിന് ശേഷമാകും പ്രതിരോധ പ്രവര്‍ത്തനത്തിലെ മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുക.
രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും നിലനില്‍ക്കുന്നുണ്ട്. ഇതുകൂടാതെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അനുസരിച്ചും നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും
ഡബ്ല്യുഐപിആര്‍ 7ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് വാര്‍ഡ് അടിസ്ഥാനത്തില്‍ നിയന്ത്രണമുള്ളത്. വാക്‌സിനേഷൻ 80 ശതമാനം പിന്നിട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലും മാറ്റം വരുത്തണമെന്ന അഭിപ്രായം നിലവിലുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ യോഗത്തിൽ വിശദമായ ചർച്ച നടക്കും.
വെള്ളിയാഴ്‌ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റ്, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരും പങ്കെടുക്കും. മൂന്നാം തരംഗം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഈ യോഗം.
Read more: ഇന്നത്തെ മന്ത്രിസഭയോഗം കൊവിഡ് സാഹചര്യം വിലയിരുത്തും