തിരുവനന്തപുരം : സംസ്ഥാനത്തിന് ആശ്വാസമായി കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. രോഗവ്യാപന തീവ്രതയില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. എറണാകുളം ജില്ലയിലൊഴികെ മറ്റ് ജില്ലകളിലെല്ലാം ആയിരത്തില്‍ താഴെയാണ് സജീവ രോഗികളുടെ എണ്ണം.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് രോഗികളുടെ എണ്ണം 702 ആണ്. അതില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് നൂറില്‍ കൂടുതല്‍ രോഗികളുടെ എണ്ണമുള്ളത്. എറണാകുളത്ത് ഇന്നലെ 146 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് കാസര്‍കോട് ജില്ലയിലാണ്. കാസര്‍കോട് 6 പേര്‍ക്ക് മാത്രമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം-858, കൊല്ലം-111, പത്തനംതിട്ട-159, ആലപ്പുഴ-60, കോട്ടയം-881,
ഇടുക്കി-537, എറണാകുളം-1339, തൃശൂര്‍-415, പാലക്കാട്-30, മലപ്പുറം-248, കോഴിക്കോട്-434, വയനാട്-195, കണ്ണൂര്‍-58, കാസര്‍കോട്-28 എന്നിങ്ങനെയാണ് ജില്ലകളിലെ നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണം.
വാക്‌സിനേഷനിലെ മുന്നേറ്റം : രോഗികളുടെ എണ്ണം കുറഞ്ഞതിനൊപ്പം തന്നെ മരണങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73 ആയി കുറഞ്ഞിട്ടുണ്ട്. വാക്‌സിനേഷനിലടക്കം മുന്നിലെത്താന്‍ കഴിഞ്ഞതാണ് കേരളത്തിന് ആശ്വാസകരമായത്.
18 വയസിന് മുകളിലുള്ളവരിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. 15 മുതല്‍ 17 വയസുവരെയുള്ള കുട്ടികളില്‍ 79.11 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 12 വയസ് മുതലുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും വേഗത്തിലാണ് കേരളത്തില്‍ നടക്കുന്നത്.
രോഗതീവ്രത കുറഞ്ഞതോടെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ചും സംസ്ഥാനം ആലോചിച്ചിരുന്നു. എന്നാല്‍ മാസ്‌ക് ഒഴിവാക്കുന്നതിന് കുറച്ച് കൂടി കാത്തിരിയ്ക്കാമെന്നാണ് നിലവിലെ തീരുമാനം.