ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുതിർന്ന കോൺൺഗ്രസ് നിരീക്ഷകരായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗോവ മുൻ മുഖ്യമന്ത്രി ലൂസിനോ ഫലേറിയോ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവർ അടങ്ങിയ ടീമിനെ നിയോഗിച്ചു. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം, കോ-ഓർഡിനേഷൻ എന്നിവ അശോക് ഗെലോട്ടിന്‍റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായി അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘം കൂടിയാലോചന നടത്തിയ ശേഷമായിരിക്കും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ എന്നി സംസ്ഥാനങ്ങളിലെ മുതിർന്ന നിരീക്ഷകരേയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചു. പശ്ചിമബംഗാളില്‍ ബികെ ഹരിപ്രസാദ്, അലംഗിർ അലം, വിജയ് ഇന്ദർ സിംഗ്‌ള എന്നിവരും തമിഴ്‌നാട് പുതുച്ചേരി സംസ്ഥാനങ്ങളില്‍ എം വീരപ്പമൊയ്‌ലി, എംഎം പള്ള രാജു, നിതിൻ റാവത്ത് എന്നിവരും കേന്ദ്ര നിരീക്ഷകരാകും. അസമില്‍ ഭൂപേഷ് ഭാഗല്‍, മുകുൾ വാസ്‌നിക്, ഷക്കീല്‍ അഹമ്മദ് ഖാൻ എന്നിവരും നിരീക്ഷകരാകും.