തിരുവനന്തപുരം: സംസ്ഥാനത്തെ 17 സംവരണ മണ്ഡലങ്ങളില്‍ നഷ്‌ടപ്പെട്ട സ്വാധീനം ഈ തെരഞ്ഞെടുപ്പിലും വീണ്ടെടുക്കാനാകാതെ യുഡിഎഫ്. ആകെയുള്ള 17 സംവരണ നിയോജക മണ്ഡലങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളില്‍ മാത്രമായി യുഡിഎഫിന്‍റെ അംഗബലം ഒതുങ്ങി. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ മണ്ഡലങ്ങളില്‍ യുഡിഎഫിന്‍റെ സ്വാധീനം കുത്തനെ ഇടിഞ്ഞിതിന്‍റെ തെളിവാണിത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് രണ്ടു പട്ടിക ജാതി-പട്ടിക വര്‍ഗ എംഎല്‍എമാര്‍ മാത്രമാണുണ്ടായിരുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്ന 2011ല്‍ മൂന്ന് സംവരണ മണ്ഡലങ്ങളില്‍ അവർക്ക് വിജയിക്കാനായി. അന്ന് മാനന്തവാടിയില്‍ പികെ ജയലക്ഷ്മി വിജയിച്ച് മന്ത്രിയായി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സംവരണ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച രണ്ടു പേരെ മന്ത്രിയാക്കിയിരുന്നു. വണ്ടൂരില്‍ നിന്നുള്ള എപി അനില്‍കുമാറും മാനന്തവാടിയില്‍ നിന്നുള്ള പികെ ജയലക്ഷ്‌മിയും.
READ MORE: ഇന്ന് 38,460 പേര്‍ക്കു കൂടി കൊവിഡ്, 54 മരണം
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് കേരളത്തിലെ സംവരണ മണ്ഡലങ്ങള്‍ 17ലേക്കുയര്‍ന്നത്. അതുവരെ സംസ്ഥാനത്ത് 14 മണ്ഡലങ്ങള്‍ മാത്രമായിരുന്നു പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരുന്നത്. 99 സീറ്റു നേടി യുഡിഎഫ് അധികാരത്തിലെത്തിയ 2001ല്‍ മാത്രമാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ സംവരണമണ്ഡലങ്ങളില്‍ കൂടുതല്‍ പേരെ വിജയിക്കാന്‍ കോണ്‍ഗ്രസിനായത്. അന്ന് 14 സംവരണ മണ്ഡലങ്ങളില്‍ ആറിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
2006ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ മൂന്ന് സംവരണ മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് ജയമെതുങ്ങി. 2011ല്‍ മൂന്ന് എന്ന സംഖ്യ നിലനിര്‍ത്താനായെങ്കിലും 2016ലും 2021ലും അത് രണ്ടിലേക്കു ചുരുങ്ങി. സംവരണമണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാകാത്തതും പിന്നാക്ക, പട്ടിക ജാതി ജനവിഭാഗങ്ങളില്‍ യുഡിഎഫിന്‍റെ സ്വാധീനം കുറയുന്നതുമാണ് ഇത് സൂചിപ്പിക്കുന്നത്.
READ MORE: കോണി കയറി പച്ച തൊട്ടു, പക്ഷേ അത് മലപ്പുറത്ത് മാത്രമൊതുങ്ങി
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പട്ടിക ജാതി വനിതയെ ഉള്‍പ്പെടെ രണ്ടു സീറ്റിലും വിജയിപ്പിക്കാനായതാണ് കോണ്‍ഗ്രസിന് അൽപ്പമെങ്കിലും ആശ്വാസമേകുന്നത്. കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത പരാജയം വിലയിരുത്തുന്നതിനൊപ്പം അധ:സ്ഥിത മേഖലകളിലെ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള നടപടികളിലേക്ക് ദേശീയ പാര്‍ട്ടി കടക്കുമോ എന്നാണറിയേണ്ടത്.