തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവായി. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ അവസാന വർഷ ബിരുദ ക്ലാസുകളും ബിരുദാനന്തര ബിരുദ ക്ലാസുകളും ആരംഭിക്കാമെന്നാണ് ഉത്തരവ്.
ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ച് നടത്താം. ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ, ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
സയൻസ് വിഷയങ്ങളിൽ പ്രാക്‌ടിക്കൽ ക്ലാസുകൾക്ക് പ്രാധാന്യം നൽകാം. കൂടാതെ ക്ലാസ് റൂം, ലൈബ്രറി, ലബോറട്ടറി തുടങ്ങിയവ സമ്പൂർണമായി അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടാമെന്നും ഉത്തരവിൽ പറയുന്നു.
ALSO READ: കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി
വിദ്യാർഥികളുടെ ഹോസ്റ്റലുകൾ തുറന്ന് പ്രവർത്തിക്കണം. കോളജുകളിലും ഹോസ്റ്റലുകളിലും സാമൂഹ്യ അകലം അടക്കം
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. കൂടാതെ ക്ലാസുകളുടെ സുരക്ഷിതമായ നടത്തിപ്പിന് സ്ഥാപന തല ജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.