തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങളെ അവഗണിക്കുന്നു. അതിനൊന്നും ഇപ്പോള്‍ പ്രതികരിക്കാനില്ല. തനിക്ക് ഇതിനല്ല നേരമെന്നും വേറെ ജോലി ചെയ്യാനുണ്ടെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.
പ്രതിപക്ഷം തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെ അപ്പോള്‍ നോക്കാം. തന്‍റെ കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. മുന്‍പ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഈ നഗരത്തിന്‍റെ ഒരു കേന്ദ്രത്തിലിരുന്ന് തനിക്കെതിരെ ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത മെനഞ്ഞകാര്യം അറിയാം. അവരെക്കുറിച്ച് അന്ന് താന്‍ ഒരു വാക്ക് ഉപയോഗിച്ചിരുന്നു. മീഡിയ സിന്‍ഡിക്കേറ്റ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കേ പിണറായി വിജയന്‍ ഉയര്‍ത്തിയ വാക്ക് പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇതൊക്കെ കണ്ടും നേരിട്ടും തന്നെയാണ് താന്‍ ഈ നിലയില്‍ എത്തിയത്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളുടെ ഭാവി ചരിത്രം തീരുമാനിക്കട്ടെ. ഇന്നും ചില പത്രക്കാര്‍ ചില കേന്ദ്രങ്ങളിലിരുന്ന് നുണവാര്‍ത്തകള്‍ മെനയുന്നുണ്ട്. പലതും തന്‍റെ നാവില്‍ കുത്തിക്കയറ്റാന്‍ മാധ്യമ പ്രര്‍ത്തകര്‍ ശ്രമിക്കരുത്. മാധ്യമ പ്രവര്‍ത്തകര്‍ നേരായ വഴിക്ക് ചിന്തിക്കാന്‍ ശ്രമിക്കണം. കൊവിഡിന്‍റെ പശ്ചാത്തലത്തിലുള്ള പൊതുവായ കാര്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വഴിതിരിച്ചു വിടാനാണ് മാധ്യമങ്ങളുടെ ശ്രമം. ആരോണമുന്നയിച്ചവര്‍ കോടതിയെ സമീപിക്കണമെന്നാണോ എന്ന ചോദ്യത്തിന് അവരെ താനാണോ ഉപദേശിക്കേണ്ടത് എന്ന മറു ചോദ്യമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.