തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കൊവിഡ് 19 ബാധിതരായ വിദേശ ടൂറിസ്റ്റുകള്‍ കടക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ പഴുതടച്ച പരിശോധനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് വരുന്നവരെ മാത്രമല്ല, വിദേശത്തേക്ക് പോകുന്നവരെയും വിമാനത്താവളത്തില്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര യാത്രക്കാര്‍ക്കും കര്‍ശന പരിശോധനയുണ്ടാകും. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ കസ്റ്റംസ്, എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. ഇക്കാര്യം വിമാനത്താവള അധികൃതരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയേണ്ടവരെ ഉടന്‍തന്നെ ആശുപത്രികളിലേക്ക് മാറ്റും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവരെ പ്രത്യക ആംബുലന്‍സില്‍ വീടുകളിലെത്തിക്കും. പൊലീസിനാണ് ഇതിന്‍റെ ചുമതല. വിമാനത്താവളത്തില്‍ വരുന്നവരെ സ്വീകരിക്കാനും യാത്രയാക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കും. വീടുകളില്‍ നിരീക്ഷണം വേണ്ടവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നുതന്നെ നിര്‍ദേശം നല്‍കും. കൂടുതല്‍ ആംബുലന്‍സുകള്‍ വിമാനത്താവളങ്ങളില്‍ സജ്ജീകരിക്കും. ഓഫീസുകള്‍, ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ പ്രവേശ കവാടത്തില്‍ കൈകഴുകാനുള്ള സൗകര്യം ഒരുക്കണം. ബസ്സ്റ്റോപ്പ്, മാര്‍ക്കറ്റുകള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളിലും സോപ്പുപയോഗിച്ച് കൈകഴുകാനുള്ള സൗകര്യമൊരുക്കണം. റസിഡന്‍സ് അസോസിയേഷനുകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.