തിരുവനന്തപുരം: സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി എന്നും അദ്ദേഹം മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്‍റെ വേദിയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.
ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ സഭയിലും സമൂഹത്തിലും സമാധാനം പുലര്‍ത്താന്‍ നിലകൊണ്ടു. സഭയുടെ താല്‍പര്യമായിരുന്നു എന്നും ബാവ ഉയര്‍ത്തിപ്പിടിച്ചത്.
ലോകത്താകെയുള്ള ഓര്‍ത്തഡോക്‌സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Also Read: അശരണര്‍ക്ക് തണലായ ഇടയന്‍;അനുകമ്പയുടെ ആള്‍രൂപം
തിങ്കളാഴ്‌ച പുലര്‍ച്ചെയായിരുന്നു ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന ബാവയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് 3 മണിക്ക് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് കബറടക്കം.