തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപി ഓഫില്‍ വാഴ വച്ച് മടങ്ങിയ ശേഷമുളള ദൃശ്യങ്ങളില്‍ ചിത്രം ചുമരില്‍ തന്നെയുണ്ട്. മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.
ആരുടെ കുബുദ്ധിയാണ് ഗാന്ധി ചിത്രത്തെ തകര്‍ത്തതിന് പിന്നിലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഗോഡ്‌സെ മഹാത്മാഗാന്ധിയോട് ചെയ്‌തത് തന്നെയാണ് കോണ്‍ഗ്രസ് പ്രതീകാത്മകമായി ചെയ്യുന്നത്. കോണ്‍ഗ്രസുകാര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സിപിഎമ്മിന് രണ്ട് നിലപാടില്ല : വയനാട്ടിലെ വിഷയത്തില്‍ കലാപം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രകോപനപരമായ പ്രസ്‌താവനകളും ആക്രമണങ്ങളും സംഘടിപ്പിക്കുകയാണ്. തങ്ങള്‍ക്ക് ഒരവസരം കിട്ടി എന്നതാണ് യുഡിഎഫ് നിലപാട്.
എസ്എഫ്ഐ മാര്‍ച്ച് ബിജെപിയെ തൃപ്‌തിപ്പെടുത്താന്‍ എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. രാഹുല്‍ ഗാന്ധിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടിയപ്പോള്‍ കൈയ്യടിക്കുകയല്ല സിപിഎം ചെയ്‌തത്. കേരളത്തിലെ കോണ്‍ഗ്രസുകാരെ പോലെ സിപിഎമ്മിന് വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ട് നിലപാടില്ല.
പുകമറ സൃഷ്‌ടിക്കാന്‍ ശ്രമം : അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ പുകമറ സൃഷ്‌ടിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസിന് നേരെയുള്ള അക്രമം ശരിയല്ല. 1983 ഒക്ടോബറില്‍ എകെജി സെന്‍ററിന് നേരെ കോണ്‍ഗ്രസ് ബോംബെറിഞ്ഞു.
1991ലും യുദ്ധസമാനമായ അന്തരീഷം എകെജി സെന്‍ററിന് മുന്നില്‍ സൃഷ്‌ടിച്ചു. ഇതൊന്നും കോണ്‍ഗ്രസ് തള്ളി പറഞ്ഞില്ല. അക്രമം ഉണ്ടാക്കിയവരെ സംരക്ഷിക്കുമെന്നാണ് നേതൃത്വം പറയുന്നത്. നേതൃത്വം ഇങ്ങനെയായാല്‍ അണികള്‍ അക്രമം ഉണ്ടാക്കും.
Also read: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ ആക്രമണം
ഇത് കോണ്‍ഗ്രസിന്‍റെ സംസ്‌കാരമാണ്. സംഘ പരിവാറിന് വേണ്ടി കേരളത്തെ കലുഷിതമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നാടിനെ കലാപ കലുഷിതമാക്കണമെന്നത് വ്യാമോഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.