തിരുവനന്തപുരം: ശബരിമല വിമാനത്താവളം വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് പദ്ധതി സംബന്ധിച്ച കൺസൾട്ടൻസി നിയമനത്തെ വിമർശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൂയിസ് ബർഗർ എന്ന കമ്പനിക്ക് വിമാനത്താവളത്തിനായുള്ള സ്ഥലം പോലും ഏറ്റെടുക്കാതെ കൺസൾട്ടൻസി നൽകി എന്ന പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവരും ആഗ്രഹിക്കുന്ന പദ്ധതിയായതിനാലാണ് പ്രൊപ്പോസൽ തേടിയത്.
പദ്ധതിക്ക് അനുയോജ്യമായ സ്ഥലമായതിനാലാണ് ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ഭൂമിയുടെ ഉടമസ്ഥതയിൽ തർക്കമുണ്ട്. ഇത് സംബന്ധിച്ച് കേസും നിലനിൽക്കുന്നുണ്ട്. ഇത് സർക്കാറിന് അനുകൂലമാകുമെന്ന നിയമോപദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടികൾ സ്വീകരിച്ചത്. തർക്കം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവയ്ക്കുന്നത്. ഇവയെല്ലാം പരിഗണിച്ചാണ് സാധ്യതാപഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനുമായി ലൂയിസ് ബെർഗറെ കൺസെൽട്ടന്‍റായി നിയമിച്ചത്. ആഗോള ടെൻഡർ വിളിച്ച് വിദഗ്ധ സമിതി ഉയർന്ന സ്കോർ ലഭിച്ച കമ്പനിയെയാണ് ഇതിനായി നിയോഗിച്ചത്. ഭൂമി കൈയിൽ കിട്ടുന്നതുവരെ നോക്കി നിന്നാൽ വിമാനത്താവള പദ്ധതി ഗണപതി കല്യാണം പോലെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.