തിരുവനന്തപുരം: ടിവിയോ മൊബൈല്‍ ഫോണോ ഇല്ലെന്നതിന്‍റെ പേരില്‍ ഒരു കുട്ടിക്കു പോലും ക്ലാസ് നഷ്ടപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസാനത്തെ കുട്ടിക്കും ക്ലാസ് ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും. ഇപ്പോഴത്തേത് താല്‍ക്കാലിക സംവിധാനമാണ്. എത്രകാലം കൊണ്ട് വിദ്യാലയങ്ങള്‍ പഴയ നിലയിലേക്ക് മടങ്ങുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്.
പഠനം ക്ലാസ് മുറിയില്‍ തന്നെയാണ് നല്ലത് എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. പഴയ നിലയിലേക്ക് മടങ്ങിയാല്‍ അപ്പോള്‍ തന്നെ പഠനം ക്ലാസമുറികളിലാക്കും. ഇത് സ്‌കൂള്‍ പഠനത്തിന് ബദലോ സമാന്തരമോ അല്ല. ഇത്തരം പരിപാടികള്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉള്‍ക്കൊള്ളാതെയാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ സംപ്രേഷണമാണ്. ആദ്യ രണ്ടാഴ്ചയും ട്രയല്‍ സംപ്രേഷണമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാവരെയും അതിന്‍റെ ഭാഗമാക്കാന്‍ കഴിയും. പ്ലസ് വണ്‍ ഒഴികെയുള്ള 41 ലക്ഷം കുട്ടികളാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലുള്ളത്. ഇതില്‍ 2.16 ലക്ഷം കുട്ടികള്‍ക്ക് ഇപ്പോഴത്തെ പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പേരെയും സര്‍ക്കാര്‍ ഒപ്പം ചേര്‍ത്ത് നിര്‍ത്തും. വലിയ സ്വീകാര്യതയാണ് ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.