തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. എന്താണ് മുഖ്യമന്ത്രിയുടെ ഓഫിസ് എന്നത് നാലു വർഷത്തെ പ്രവർത്തനം കൊണ്ട് ജനങ്ങൾക്ക് അറിയാവുന്നതാണ്. നാവ് ഉണ്ടെന്ന് കരുതി എന്ത് അസംബന്ധവും പറയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കരുതരുതെന്നും സുരേന്ദ്രന് നാവുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസിനെ കളങ്കപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് പിടിച്ച ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥന് ലഭിച്ച ആദ്യ കോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നായിരുന്നു എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ആരോപണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
കേസന്വേഷണം നടക്കുമ്പോൾ ദുരാരോപണങ്ങൾ ഉന്നയിച്ച് പ്രതികൾക്ക് അനാവശ്യമായ പരിരക്ഷ നൽകുന്ന സമീപനം സുരേന്ദ്രൻ സ്വീകരിക്കരുത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത് കസ്റ്റംസ് ആണ്. അതിന് പൂർണമായ സഹകരണം സംസ്ഥാനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത് കാര്യം ഉണ്ടായാലും മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉൾപെടുത്താൻ ചിലർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിനെ ഐ.ടി.വകുപ്പിൽ നിയമിച്ചത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും തന്‍റെ അറിവോടെയല്ല നിയമനം നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.