തിരുവനന്തപുരം : ഒക്ടോബർ അവസാനത്തോടെ കൊവിഡ് കേസുകൾ വർധിക്കുമെന്ന് മുഖ്യമന്ത്രി. കേസുകൾ വർധിക്കുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു. ഇത് അഞ്ച് ശതമാനത്തിൽ താഴെ നിർത്തണം. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അത് എട്ടിന് മുകളിലാണ്.
കഴിഞ്ഞ മാസമാണ് മൊത്തം കേസുകളുടെ 50 ശതമാനത്തിൽ അധികം കേസുകൾ ഉണ്ടായത്. എന്നാൽ കഴിഞ്ഞ മാസം പ്രതീക്ഷിച്ച രീതിയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചിട്ടില്ല. ഈ സമയത്ത് പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ പ്രതിദിന കേസുകൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക് ഡൗൺ ഇളവുകൾ വന്നതോടെ തിരക്ക് വർധിച്ചു. കൊവിഡിനൊപ്പം ജീവിക്കുമ്പോൾ തന്നെ വ്യക്തിപരമായ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിനും ക്വാറന്‍റൈൻ ലംഘിക്കുന്നതിനും രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.