തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് സംബന്ധിച്ച ഹർജിയിൽ വാദം പൂർത്തിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനുവദിച്ചതിൽ സ്വജനപക്ഷപാതം നടത്തിയെന്ന് ആർ.എസ്.ശശികുമാറിൻ്റെ പരാതിയിൽ വാദം പരിഗണിക്കുകയായിരുന്നു ലോകായുക്ത. കേസ് വിധി പറയാനായി മാറ്റി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പണം നൽകുവാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിൻ്റേതാണ്. മന്ത്രിസഭ എന്നാൽ സർക്കാർ ജീവനക്കാരല്ല. ഈ കാരണത്താൽ ഹർജിയിൽ അന്വേഷണം നടത്തുവാനുള്ള അധികാരം ലോകായുക്തയ്ക്ക് ഇല്ലായെന്നും ലോകായുക്ത സ്‌പെഷ്യൽ അറ്റോർണി ടി.എ ഷാജി പറഞ്ഞു.
ആവശ്യക്കാരന് സഹായം നൽകുക എന്നത് സർക്കാർ നിലപാടാണ്. ഇത്തരത്തിൽ സഹായം നൽകുമ്പോൾ രാഷ്ട്രീയം നോക്കാറില്ല. ദുരിതാശ്വാസ നിധിയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും കോടതിയെ ഇതുവരെ സമീപിച്ചിട്ടില്ല എന്നും സ്‌പെഷ്യൽ അറ്റോർണി വാദിച്ചു. എന്നാൽ ജനങ്ങളാൽ തെരഞ്ഞെടുക്കുന്ന സർക്കാരാണിതെന്നും കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിൽ പൊതുജനങ്ങളുടെ പണം ചിലവഴിക്കാൻ ഒരു രാഷ്‌ട്രീയ പാർട്ടിയെയും അനുവദിക്കാൻ കഴിയില്ലെന്നും ലോകായുക്ത സിറിയക് ജോസഫ് സ്‌പെഷ്യൽ അറ്റോർണിക്ക് മറുപടി നൽകി.
അതേസമയം സർക്കാർ നൽകിയ പണം നേടിയവർക്ക് അയോഗ്യത ഉണ്ടെന്നോ, ഈ തുക സർക്കാർ തിരിച്ച് പിടിക്കണം എന്നോ പരാതിക്കാരന് പരാതിയില്ലെന്നും ഇത് എന്തുകൊണ്ടാണെന്നും ഉപലോകായുക്ത ഹാറൂൾ റഷീദ് പരാതിക്കാരനോട് ആരാഞ്ഞു. എന്നാൽ ആർക്ക് പണം നൽകിയെന്നോ ജോലി നൽകിയെന്നോ എന്നതിലല്ല കാര്യമെന്നും സർക്കാർ ഇവിടെ ചെയ്‌ത പ്രവർത്തി നിയമ വിരുദ്ധമായിരുന്നു എന്നതാണ് പ്രധാന ആരോപണമെന്നും പരാതിക്കാരൻ്റെ അഭിഭാഷകൻ ജോർജി പൂന്തോട്ടം ഉപലോകായുക്തയ്ക്ക് മറുപടി നൽകി.
മന്ത്രിസഭാ യോഗത്തിൽ എൻ.സി.പി നേതാവ് ഉഴവൂർ വിജയന്‍റെയും, 2017 ഒക്ടോബർ 4 ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെയും, 2018 ജനുവരി 24 ന് ചെങ്ങന്നൂർ മുൻ എംഎൽഎ എ.രാമചന്ദ്രൻ്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴിവിട്ടു നൽകിയതായും ഹർജിയിൽ ആരോപിക്കുന്നു.