തിരുവനന്തപുരം: വ്യാഴാഴ്‌ച മുതല്‍ കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസ്‌താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. മനസിലാക്കി കളിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശത്തെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസിന്‍റെ മുന്‍ നിര നേതാക്കള്‍ അണിനിരന്നു.
വ്യാപാരികളെ പിന്തുണച്ച് കോണ്‍ഗ്രസ്
മുഖ്യമന്ത്രിയുടേത് തെരുവ് ഭാഷയെന്ന് വിമര്‍ശിച്ച കെ സുധാകരന്‍ വ്യാഴാഴ്‌ച കടതുറന്നാല്‍ വ്യാപാരികള്‍ക്ക് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ചു. അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ലെന്ന രൂക്ഷമായ വിമര്‍ശനവും സുധാകരന്‍ ഉന്നയിച്ചു. മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിമര്‍ശനം ഉന്നയിച്ചു.
വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മകമായ സമീപനം സ്വീകരിക്കണമെന്നും ഭീഷണിപ്പെടുത്തി വരുതിയിലാക്കനുള്ള ശ്രമം മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചതല്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്തു വന്നു.
അടച്ചിടല്‍ ഫലപ്രദമല്ല
സംസ്ഥാനത്ത് ലോക്ക്ഡൗണും നിയന്ത്രണങ്ങളുമായി കഴിഞ്ഞ ഒന്നരമാസത്തിലേറെയായി സംസ്ഥാനം മുന്നോട്ടു പോയിട്ടും ടിപിആര്‍ പ്രതീക്ഷിച്ച രീതിയില്‍ കുറയ്ക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ അടച്ചിടല്‍ ഫലപ്രദമല്ലെന്ന വാദം ശക്തമാണ്.
എല്ലാ സാമ്പത്തിക മേഖലകളും നിയന്ത്രണങ്ങളില്‍ സ്‌തംഭിച്ചു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ദിവസവും തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികളുടെയും ആവശ്യം. ഇനിയും അടച്ചിടലുമായി മുന്നോട്ടു പോയാല്‍ ആത്മഹത്യയിലേയ്ക്ക് പോകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
നിലപാട് തിരുത്തി പ്രതിപക്ഷം
സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി വന്ന പ്രതിപക്ഷം അതില്‍ നിന്നു പിന്‍മാറുന്നു എന്നതിന്‍റെ സൂചനയാണ് സ്വമേധയ കട തുറക്കുന്ന വ്യാപാരികളെ പിന്തുണയ്ക്കുമെന്ന സുധാകരന്‍റെയും സതീശന്‍റെയും പ്രസ്‌താവനകള്‍. സര്‍ക്കാര്‍ ഏകപക്ഷീയമായി നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുന്നതിനെ ഇനി അംഗീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷം.
വ്യാപാരികളുടെ 'ധര്‍മ്മ സമരം'
അതേസമയം, എന്ത് വില കൊടുത്തും വ്യാഴാഴ്‌ച കട തുറക്കുമെന്ന നിലപാടില്‍ തന്നെയാണ് വ്യാപeരി വ്യവസായി ഏകോപന സമിതി. ധര്‍മ്മ സമരം എന്നാണ് ഇതിനെ അവര്‍ വിശേഷിപ്പിക്കുന്നത്. എല്ലാ ദിവസവും കട തുറക്കാന്‍ അനുവദിയ്ക്കണമെന്ന് ഇടത് വ്യാപാരി സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്.
Read more: തെരുവിലിറങ്ങി കോഴിക്കോട്ടെ വ്യാപാരികള്‍; മിഠായിത്തെരുവില്‍ സംഘര്‍ഷം