തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവര തട്ടിപ്പിന് സ്പ്രിംഗ്ലര്‍ അമേരിക്കയില്‍ കേസ് നേരിടുന്നു. രണ്ടു വര്‍ഷമായി കേസ് നേരിടുന്ന തട്ടിക്കൂട്ട് കമ്പനിയാണിത്. കമ്പനിയുമായി കരാറില്ലെന്ന് താന്‍ ഉന്നയിച്ച ആരോപണം ശരിയെന്നു തെളിഞ്ഞു. താന്‍ ആരോപണമുന്നയിച്ചതിന്‍റെ പിറ്റേ ദിവസമായ ഏപ്രില്‍ 11, 12 തീയതികളിലാണ് സ്പ്രിംഗ്ലറില്‍ നിന്ന് കരാര്‍ എഴുതി വാങ്ങിയത്. ഇത് തട്ടിക്കൂട്ട് കരാറാണ്. സര്‍ക്കാര്‍ പുറത്തു വിട്ട കരാര്‍ വ്യവസ്ഥകള്‍ സ്പ്രിംഗ്ലര്‍ കമ്പനി തയ്യാറാക്കി സര്‍ക്കാരിനു നല്‍കിയതാണ് എന്നും ചെന്നിത്തല ആരോപിച്ചു.
വാര്‍ഡ് തലങ്ങളില്‍ ശേഖരിക്കുന്ന കൊവിഡ് 19 രോഗികളുടെ വിവരങ്ങള്‍ ഇപ്പോഴും പോകുന്നത് സ്‌പ്രിഗ്ലര്‍ സൈറ്റിലേക്കു തന്നെയാണ്. ആരാണ് ഈ കരാറിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി മൗനം വെടിയണം. കാര്യങ്ങള്‍ സുതാര്യമായിരുന്നെങ്കില്‍ ഐ.ടി സെക്രട്ടറിയെ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ നിന്നൊഴിവാക്കിയതെന്തിനാണ്. ഐ.ടി.സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ശിവശങ്കറെ മാറ്റി നിര്‍ത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.