തിരുവനന്തപുരം : കേരളത്തിലെ കൊവിഡ് വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന് നൽകിയത് വൻ അഴിമതിയാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംഗ്ലറിനെക്കുറിച്ച് ബുധനാഴ്ച മുഖ്യമന്ത്രി പറഞ്ഞത് താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. ഇത് കുറ്റസമ്മതമാണ്. ഐ.ടി വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ് ഇതിൽ ഒന്നാം പ്രതിയെന്നും ചെന്നിത്തല ആരോപിച്ചു.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യതയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത് എന്നാൽ പണത്തേക്കാൾ വില ഉള്ളതാണ് ഡേറ്റ. എതാണ്ട് 200 കോടി രൂപയോളം വില വരുന്ന ഡേറ്റയാണ് സ്പ്രിംഗ്ലറിന് നൽകിയിരിക്കുന്നത്. വ്യക്തികളുടെ വിവരങ്ങൾക്ക് പുറമെ കുടുംബങ്ങളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് 700 കോടി രൂപയോളം വരുമെന്നും ചെന്നിത്തല ആരോപിച്ചു. കമ്പനിയുടെ പരസ്യത്തിൽ ഐ.ടി സെക്രട്ടറി അഭിനയച്ചത് തെറ്റില്ലെങ്കിൽ അത് എന്തിനാണ് പിൻവലിച്ചത്. മുഖ്യമന്ത്രിക്ക് ഈ കമ്പനിയുമായി എത്ര വർഷത്തെ ബന്ധമുണ്ടെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.