തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രമേയമാക്കി തലസ്ഥാനത്തെ ഒരു കൂട്ടം യുവാക്കൾ ഒരുക്കിയ ഹ്രസ്വചിത്രം ചെക്ക്‌മേറ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സാമൂഹ്യ അകലത്തിന്‍റെ ആവശ്യകത പറയുന്ന സിനിമ നർമ്മവും ത്രില്ലറും ചേർത്താണ് ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് അഭിനേതാക്കൾ സ്വന്തം വീടുകളിലാണ് ചിത്രീകരണം നടത്തിയത്. ചലച്ചിത്ര താരം ബാലാജി ശർമ്മ ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്നുണ്ട്. സിനിമയിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരാണ് അണിയറയിലുള്ളത്. ലോക്ക് ഡൗൺ കാലം ക്രിയാത്‌മകമായി ഉപയോഗിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ചിത്രമൊരുക്കിയതെന്ന് സംവിധായകൻ മുരളി കൃഷ്‌ണൻ പറഞ്ഞു.
അതിരൻ സിനിമയുടെ സംഗീത സംവിധായകൻ പി.എസ് ജയഹരിയാണ് ചെക്ക്‌മേറ്റിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. യു ട്യൂബിൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ചിത്രം അമ്പതിനായിരത്തോളം പേർ കണ്ടു കഴിഞ്ഞു. ലോക്ക് ഡൗൺ സമയത്ത് ചിത്രീകരിച്ച ഹ്രസ്വ ചിത്രങ്ങൾ ഉൾപ്പെടുത്തി ചെന്നൈ മാർലൻ സിനിമാസ് നടത്തിയ മത്സരത്തിൽ ചെക്ക്മേറ്റ് രണ്ടാം സ്ഥാനം നേടിയിരുന്നു.