തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാൻ സഹായമായത് സിസിടിവി ദൃശ്യങ്ങൾ. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലെയും സമീപത്തേയും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം വൈകീട്ട് അഞ്ച് മണിയോടെ പ്രതി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വരുന്നതും ടിക്കറ്റ് എടുക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
അയൽവാസിയായ സ്‌ത്രീയുമായി പ്രശ്‌നം ഉണ്ടായെന്ന് പ്രതിയായ ആദം അലി കൂടെ താമസിച്ചിരുന്നവരോട് പറഞ്ഞിരുന്നു. ഇത് മൂലമാണ് ഇവിടെ നിന്നും പോകുന്നുവെന്നാണ് ആദം അലി പറഞ്ഞത്. ഈ സമയങ്ങൾ കൂടി പരിശോധിച്ചാണ് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചതും വിവരങ്ങൾ ലഭിച്ചതും.
Also read: വയോധികയുടെ കൊലപാതകം ; ആദം അലി പബ്‌ജി ഗെയിമിന് അടിമ, ഇയാള്‍ പ്രശ്‌നക്കാരനെന്ന് സുഹൃത്തുക്കള്‍
കേശവദാസപുരം ദേവസ്വം ലൈനിൽ താമസിക്കുന്ന മനോരമയാണ് (60) കൊല്ലപ്പെട്ടത്. ഞായറാഴ്‌ചയാണ് (07.08.2022) കൊലപാതകം നടന്നത്. മനോരമയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രതിയായ ആദം അലിയെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രതി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ഇവിടെ നിന്നും ആ സമയത്ത് പുറപ്പെട്ട ട്രെയിനുകളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചെന്നൈയില്‍ നിന്നും പിടികൂടിയത്.
Read more: കേശവദാസപുരം കൊലപാതകം ; പ്രതി ആദം അലി പിടിയില്‍
കേരള പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴിനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പിടിയിലായ പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഇതിനായി ഒരു പ്രത്യേക സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.