തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിന്‍റെ അന്വേഷണം സിബിഐക്ക്. മന്ത്രി സഭ യോഗത്തിന്‍റേതാണ് തീരുമാനം. പുറത്ത് നിന്നുള്ള ഏജൻസി അന്വേഷിക്കുന്നതാണ് ഉചിതമെന്ന മന്ത്രിസഭയുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതേ സമയം സിബിഐ അന്വേഷണത്തിന് സമാന്തരമായി നിലവിലെ ജുഡീഷ്യൽ അന്വേഷണം തുടരും.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത രാജ് കുമാർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു രാജ് കുമാറിന്‍റെ കുടുംബത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ആവശ്യം. എന്നാൽ സർക്കാർ അത് തള്ളി ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. രാജ് കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതടക്കമുള്ള നടപടികളുമായി ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് സർക്കാർ കേസിൽ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചത്. കേസിൽ എസ്പി അടക്കമുള്ള പോലീസുകാർക്കെതിരെ ആരോപണം ഉയർന്നിരുന്നു. രാജ് കുമാറിന്‍റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച സംഭവങ്ങളാകും പ്രധാനമായും സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുക.