തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആവേശം കൊടുമുടിയേറുമ്പോള്‍ സ്ഥാനാര്‍ഥികളുടെ ചങ്കിടിപ്പേറ്റുകയാണ് മണ്ഡലത്തിന്റെ ജാതി സമവാക്യങ്ങള്‍. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ 'ശരിദൂരം' ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലൊന്ന് വട്ടിയൂര്‍കാവ്. ആകെയുള്ള 1,97,570 വോട്ടര്‍മാരില്‍ 40 മുതല്‍ 44 ശതമാനംവരെ നായര്‍ വോട്ടര്‍മാരാണ് വട്ടിയൂര്‍കാവ് മണ്ഡലത്തില്‍. യു.ഡി.എഫും എന്‍.ഡി.എയും ഇതേ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ 16 മുതല്‍ 18 ശതമാനം വരെമാത്രമാണ് ഈഴവ വോട്ടര്‍മാരുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് ഈ സമുദായത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സാധാരണയായി നായര്‍ സ്ഥാനാര്‍ഥികളെ മാത്രം മുന്നണികള്‍ പരീക്ഷിക്കുന്ന ഇവിടെ പതിവിനു വിപരീതമായി എല്‍.ഡി.എഫ് ഈഴവ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായ എല്‍.ഡി.എഫിന് മണ്ഡലത്തിലെ പഴയസ്വാധീനം തിരിച്ചു പിടിക്കേണ്ടത് അനിവാര്യമാണ്. ഇതിനു പറ്റിയ സ്ഥാനാര്‍ഥിയെയാണ് അവര്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തില്‍ കണ്ടത്. സാമുദായിക പരിഗണനകളൊന്നും എല്‍.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആത്മവിശ്വാസത്തെ ഈ നിലയിലാണ് കാണേണ്ടത്. സാമൂഹിക മാധ്യമങ്ങളിലെ വന്‍പ്രചാരവും യുവാക്കള്‍ക്കിടയിലെ സ്വീകാര്യതയും എല്‍.ഡി.എഫിന്റെ വിജയ പ്രതീക്ഷകളാണ്.
മണ്ഡലത്തില്‍ നിര്‍ണായകമായ മറ്റൊരു വിഭാഗം 22 ശതമാനത്തോളം വരുന്ന ക്രിസ്ത്യന്‍ വോട്ടുകളാണ്. ഇതില്‍ നല്ലൊരു പങ്കും യു.ഡി.എഫിനു ലഭിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മണ്ഡലത്തില്‍ 10 മുതല്‍ 12 ശതമാനത്തോളം വരുന്നത് എസ്.സി, എസ്.ടി വിഭാഗങ്ങളാണ്. ഇതില്‍ ഭൂരിഭാഗവും ലഭിക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. മണ്ഡലത്തില്‍ മുസ്ലീം സമുദായത്തിന് നിര്‍ണായക സ്വാധീനമില്ല. 15000ല്‍ താഴെ മുസ്‌ലിം വോട്ടര്‍മാര്‍ മാത്രമാണ് വട്ടിയൂര്‍കാവ് മണ്ഡലത്തിലുള്ളത്.
മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം നടന്ന 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ ഭൂരിപക്ഷം 21,228 വോട്ടുകളായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ കെ.മുരളീധരന്റെ ഭൂരിപക്ഷം 16,187 വോട്ടുകളായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ബി.ജെ.പിക്ക് വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ അഭൂതപൂര്‍വ്വമായ വോട്ടുവര്‍ധനയുണ്ടായി. ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനായിരുന്നു വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ ഭൂരിപക്ഷം. രാജഗോപാലിന് 36.83 ശതമാനം വോട്ടും 2926 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. എല്‍.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ 7622 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യു.ഡി.എഫിലെ കെ.മുരളീധരന്‍ ഇവിടെ വിജയിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ടി.എന്‍.സീമ 29.67 ശതമാനം വോട്ടു മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് ബിജെപിയെ പിന്നിലാക്കി. ഈ തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ സാഹചര്യത്തെ മറികടക്കാനാണ് വി.കെ.പ്രശാന്തിലൂടെ എല്‍.ഡി.എഫ് കിണഞ്ഞു ശ്രമിക്കുന്നത്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ മെച്ചപ്പെട്ട ജയം നേടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.കെ.മോഹന്‍കുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്.സുരേഷും കിണഞ്ഞു ശ്രമിക്കുമ്പോള്‍ തീപാറുന്ന ത്രികോണ മത്സര ആവേശമാണ് വട്ടിയൂര്‍കാവില്‍ പൊപാറുന്നത്.