തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബ കോടതികളുടെ കാര്യക്ഷമത വർധിപ്പിയ്ക്കുന്നതിനായി തിരുവനന്തപുരം കുടുംബ കോടതിയിൽ ആരംഭിച്ച കേസ് ഫ്ലോ മാനേജ്‌മെൻ്റ് സംവിധാനം അവതാളത്തിൽ. 2021 സെപ്റ്റംബറില്‍ ആരംഭിച്ച സംവിധാനം രണ്ടു മാസം പിന്നിടുമ്പോള്‍ കുടുംബ കോടതിയിലും കേസ് ഫ്ലോ മാനേജ്‌മെൻ്റിന്‍റെ കെട്ടിടത്തിലും കക്ഷികളുടെ തിരക്ക് ഒരു പോലെ ഇരട്ടിയായി.
കേസ് ഫ്ലോ മാനേജ്‌മെൻ്റിലെ കേസുകൾ കൈകാര്യം ചെയ്യുന്നത് കോടതി നടപടികളുമായി പരിചയമില്ലാത്ത ഉദ്യോഗസ്ഥരാണെന്നും ഇതാണ് സംവിധാനം അവതാളത്തിലാകാന്‍ കാരണമെന്നുമാണ് ആക്ഷേപം. നിലവിൽ കുടുംബ കോടതിയിൽ മറ്റ് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് സിഎംഒ യോഗ്യതയിലുള്ള ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യണ്ട ജോലികൾ നൽകിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് വേഗത്തിൽ നടക്കേണ്ട നടപടികൾ ഇഴഞ്ഞ് നീങ്ങുന്നതെന്നാണ് അഭിഭാഷകരുടെ പരാതി.
കേസ് ഫ്ലോ മാനേജ്‌മെൻ്റ് സംവിധാനം
സംസ്ഥാനത്ത് പ്രവർത്തിയ്ക്കുന്ന 28 കുടുംബകോടതികളുടെ കാര്യക്ഷമത വർധിപ്പിയ്ക്കുന്നതിനായി കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടപ്പാക്കുന്ന സംവിധാനമാണ് കേസ് ഫ്ലോ മാനേജ്‌മെൻ്റ്. ഭാര്യാഭർത്താക്കൻമാർ തമ്മിൽ സംയുക്‌തമായി കേസ് തീർപ്പാക്കുവാൻ തീരുമാനിച്ച കേസിൽ പോലും കോടതിയുടെ കാലതാമസം വന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി കേസ് ഫ്ലോ മാനേജ്‌മെൻ്റ് സംവിധാനം നടപ്പാക്കാൻ കേരളത്തിലെ മുഴുവൻ കുടുംബ കോടതികൾക്കും ഉത്തരവ് നൽകിയത്.
2021 മാർച്ച് 23ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്‍താക്കി, ജസ്റ്റിസ് സി.എസ് ഡയസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് പ്രകാരമാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിയ്ക്കുന്നത്. നിലവിലെ സാഹചര്യത്തിൽ 200ൽ പരം കേസുകളാണ് ഓരോ കുടുംബ കോടതികളിലും പരിഗണനയ്ക്കായി എത്തുന്നത്. കേസുകൾ വേഗത്തിൽ തീർക്കുവാൻ സാധിയ്ക്കാത്ത സാഹചര്യത്തില്‍ കുടുംബ കേസുകളുടെ പ്രാഥമിക നടപടികൾ നടത്തുന്നതിനായി രൂപം കൊടുത്തിരിയ്ക്കുന്ന സംവിധാനമാണ് കേസ് ഫ്ലോ മാനേജ്‌മെൻ്റ്.
ചുമതല ചീഫ് മിനിസ്റ്റീരിയൽ ഓഫിസർക്ക്
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കുടുംബ കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ ചീഫ് മിനിസ്റ്റീരിയൽ ഓഫിസർക്കാണ് (സിഎംഒ) കേസ് ഫ്ലോ മാനേജ്‌മെൻ്റിന്‍റെ ചുമതല. കോടതികളിൽ ജോലി ചെയുന്ന സീനിയർ ശിരസ്‌ഥർ, ശിരസ്‌ഥർ, സീനിയർ ബെഞ്ച് ക്ലര്‍ക്ക്, യുഡി ക്ലര്‍ക്ക് എന്നി തസ്‌തികയിലുള്ള ഉദ്യോഗസ്ഥരാണ് ചീഫ് മിനിസ്റ്റീരിയൽ ഓഫിസറുടെ ചുമതല നിർവ്വഹിക്കുന്നത്.
കേസുകളിൽ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കുക, കക്ഷികളെ കൗൺസിലിങിന് അയയ്ക്കുക, കേസുകളുടെ പ്രാരംഭ ഘട്ടത്തിലെ കേസുകളുടെ തീയതികൾ മാറ്റുക, കേസ് കൈകാര്യം ചെയ്യുന്ന കൗൺസിലർമാരുടെ റിപ്പോർട്ടുകൾ കൃത്യമായി പരിശോധിക്കുക എന്നിവ ചുമതലകളാണ് ചീഫ് മിനിസ്റ്റീരിയൽ ഓഫിസർ നിര്‍വഹിയ്ക്കുന്നത്.