ബസ് യാത്രാ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു - എറണാകുളം
യാത്രാ നിരക്ക് കുറച്ചെതിനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദാക്കി. സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതി നടപടി

എറണാകുളം: ബസ് യാത്രാ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. യാത്രാ നിരക്ക് കുറച്ചെതിനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദാക്കി. സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. യാത്ര നിരക്ക് നിശ്ചയിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ബസുടമകൾക്ക് പറയാനുള്ളത് കേൾക്കണമെന്നും കോടതി നിർദേശിച്ചു. ബസ് യാത്ര നിരക്ക് നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനാണ്. മോട്ടോർ വാഹന നിയമത്തിൽ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിത്തിൻ യാത്ര നിരക്ക് കുറച്ച തീരുമാനം സ്‌റ്റേ ചെയ്തത് നിയമ വിരുദ്ധമാണെന്ന് സർക്കാർ വാദിച്ചു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രക്കാരുടെ എണ്ണം പകുതിയായി കുറച്ച സാഹചര്യത്തിലാണ് യാത്ര നിരക്ക് കൂട്ടിയത്. നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ നിരക്ക് കുറച്ചത് സ്വാഭാവികമാണ്. ലോക്ക് ഡൗണിനെ തുടർന്ന് മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെന്ന ബസ് ഉടമകളുടെ വാദം അംഗീകരിക്കാനാവില്ലന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ വാദങ്ങൾ അംഗീകരിച്ച കോടതി യാത്ര നിരക്ക് കുറച്ച സർക്കാർ നടപടി അംഗീകരിക്കുകയായിരുന്നു.