തിരുവനന്തപുരം: കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. കൊവിഡ് പ്രതിരോധത്തിനായി മോദി സർക്കാർ പോരാടുമ്പോൾ നിരുത്തരവാദപരമായാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പെരുമാറുന്നത്. രാജ്യ താൽപര്യങ്ങൾക്ക് പകരം രാഷ്ട്രീയ താൽപര്യമാണ് കോൺഗ്രസിന് വലുത്. ഭരണ പക്ഷത്തായാലും ബിജെപിക്ക് ജനങ്ങളുടെയും രാജ്യത്തിന്‍റെയും താൽപര്യമാണ് വലുതെന്നും ജെ.പി നദ്ദ പറഞ്ഞു. ബിജെപി കേരളത്തിൽ സംഘടിപ്പിച്ച വെർച്വൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ. കേന്ദ്രാവിഷ്കൃത പദ്ധതികളെ ഹൈജാക്ക് ചെയ്ത് സ്വന്തം നേട്ടമാക്കാനുള്ള ശ്രമമാണ് കേരളത്തിൽ സർക്കാർ നടത്തുന്നതെന്ന് നദ്ദ പറഞ്ഞു. എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ അഴിമതിയുടെയും കാര്യക്ഷമത ഇല്ലായ്മയുടെയും കൂത്തരങ്ങാക്കി മാറ്റി. ഇരുവരും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. രാജ്യത്തിന്‍റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ മോദി സർക്കാർ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. ചൈനയ്ക്ക് ഉചിതമായ മറുപടി കൊടുത്തിട്ടുണ്ട് എന്നും നദ്ദ പറഞ്ഞു.
വെർച്വൽ റാലിയിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമായി ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് പങ്കെടുത്തത്. സംസ്ഥാനത്തെ പ്രധാന വേദിയായ തിരുവനന്തപുരത്ത് പാർട്ടിയുടെ മുതിർന്ന നേതാക്കൾ റാലിയിൽ അണി നിരന്നു.