തിരുവനന്തപുരം: വന്‍ വിറ്റുവരവ് ലക്ഷ്യമിട്ട് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ആരംഭിച്ച ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്ക് പ്രതീക്ഷിച്ച പ്രതികരണമില്ല. ഡിജിറ്റല്‍ കാലഘട്ടത്തിലെ ഏറ്റവും അനുയോജ്യമായ പരിഷ്‌കാരം എന്ന നിലയിലും ക്യൂ നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലുമാണ് പദ്ധതി ആരംഭിച്ചതെങ്കിലും ഓൺലൈൻ വില്‍പ്പന മന്ദഗതിയിലാണ്. 14 ജില്ലകളില്‍ ഇതുവരെ തുറന്ന 27 ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങളിലൂടെ ഇതുവരെ ഒരു കോടി രൂപയുടെ വില്‍പ്പന മാത്രമാണ് നടന്നത്.
ഓൺലൈൻ ആശങ്ക
നേരിട്ട് പണം നല്‍കി മദ്യം വാങ്ങുന്ന പരമ്പരാഗത രീതിയോടാണ് ഇപ്പോഴും ഭൂരിപക്ഷം ആളുകൾക്കും താല്‍പര്യം. വാങ്ങുന്നയാളിന്‍റെ പേര് രേഖപ്പെടുത്തപ്പെടുമെന്നതാണ് പലരെയും ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ഘടകമെന്ന് ബെവ്‌കോ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി. മദ്യപാനം രഹസ്യമായി നടത്താനാണ് മലയാളികള്‍ ഇഷ്ടപ്പെടുന്നത്.
ഓണ്‍ലൈനിലൂടെ മദ്യം വാങ്ങുമ്പോള്‍ വാങ്ങുന്ന ആളിന്‍റെ പേരും വിലാസവും അക്കൗണ്ട് നമ്പറുമൊക്കെ രേഖപ്പെടുത്തപ്പെടുകയാണ്. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഒരാള്‍ എത്ര മദ്യം വാങ്ങുന്നു എന്നതും എത്ര പണം ഇതിനായി ചെലവഴിക്കപ്പെടുന്നു എന്നതുമെല്ലാം രേഖപ്പെടുത്തും. പരസ്യമായി മദ്യപാനമില്ലെന്നു മേനി നടിക്കുന്നവരുടെ പോലും വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കാമെന്നത് ഓണ്‍ലൈനിലൂടെ മദ്യം വാങ്ങുന്ന സമൂഹത്തിലെ ഉന്നതരെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നു എന്നാണ് ബെവ്‌കോയുടെ കണ്ടെത്തല്‍.
മാത്രമല്ല ഭാവിയില്‍ ഏതെങ്കിലും ക്രിമിനല്‍ കേസുകളില്‍ പെടുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം ഊട്ടിയുറപ്പിക്കാന്‍ പൊലീസ് വിവരം ശേഖരിക്കുമെന്ന ഭയവും പലരെയും ഓണ്‍ലൈനില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
പിൻമാറില്ലെന്ന് ബെവ്‌കോ
ഓൺലൈൻ മദ്യവില്‍പ്പന ആദ്യഘട്ടത്തില്‍ വിജയം കണ്ടില്ലെങ്കിലും പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ ബെവ്‌കോയ്ക്ക് ഉദ്ദേശമില്ല. വളരെയധികം സൗകര്യ പ്രദമാണെന്ന് ഉപഭോക്താക്കള്‍ ഒരുപോലെ സമ്മതിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഔട്ട് ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. അതോടൊപ്പം മുന്തിയ ഇനം വിദേശ നിര്‍മ്മിത വിദേശ മദ്യം കൂടുതലായി ഓണ്‍ലൈന്‍ ശൃംഖലയിലൂടെ വിറ്റഴിക്കാനും ബെവ്‌കോയ്ക്ക് പദ്ധതിയുണ്ട്.