തിരുവനന്തപുരം : ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ പി തോമസിനെ സംസ്ഥാന മുഖ്യ വനം മേധാവിയായി നിയമിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലെ മുഖ്യ വനം മേധാവി പി.കെ കേശവന്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.
1988 ബാച്ച് കേരള കേഡര്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചന്‍ 34 വര്‍ഷത്തെ സര്‍വീസ് കാലയളവിലുടനീളം വനം വകുപ്പില്‍ മാത്രമാണ് സേവനം അനുഷ്‌ഠിച്ചതെന്ന പ്രത്യേകതയുമുണ്ട്. പരിശീലന കാലയളവിന് ശേഷം മൂന്നാര്‍ എഡിസിഎഫ് ആയി ചുമതലയേറ്റു. മാങ്കുളം, നിലമ്പൂര്‍, മൂന്നാര്‍, കോന്നി, കോട്ടയം എന്നിവിടങ്ങളിലെ ഡിഎഫ്ഒ ആയിരുന്നു.
രാജ്യാന്തര ശ്രദ്ധ നേടിയ പെരിയാര്‍ മോഡല്‍ : സാമൂഹിക വന വത്കരണ വിഭാഗം മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ സിസിഎഫ്, തേക്കടി വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ഓഫിസര്‍, തേക്കടി ഇക്കോ ഡവലപ്‌മെന്‍റ് ഓഫിസര്‍, തിരുവനന്തപുരം വൈല്‍ഡ് ലൈഫ് സിസിഎഫ്, സിസിഎഫ് ഇക്കോ ഡവലപ്‌മെന്‍റ് ആന്‍ഡ് ട്രൈബല്‍ വെല്‍ഫയര്‍, വര്‍ക്കിങ് പ്ലാന്‍ ആന്‍ഡ് റിസര്‍ച്ച് എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിച്ചു. 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്‌മെന്‍റ് ഓഫിസറായിരിക്കെ നടപ്പാക്കിയ പെരിയാര്‍ മോഡല്‍ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
സുവോളജി, ലൈഫ് സയന്‍സ്, ഫോറസ്ട്രി എന്നീ വിഷയങ്ങളില്‍ മാസ്‌റ്റേഴ്‌സ് ബിരുദധാരിയാണ്. കൊച്ചി സര്‍വകലാശാല പരിസ്ഥിതി വകുപ്പില്‍ എന്‍വയോണ്‍മെന്‍റല്‍ ബയോ കെമിസ്ട്രി എന്ന വിഷയത്തില്‍ യുജിസി ഫെല്ലോ ആയി ഗവേഷണം നടത്തിയിട്ടുണ്ട്. മികച്ച സേവനത്തിനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം കിടങ്ങൂര്‍ ചെമ്പിളാവ് കര പുല്ലാട്ടുകുന്നേല്‍ കെ.വി തോമസ്-കുട്ടിയമ്മ ദമ്പതികളുടെ മകനാണ്.
വിവാദമായ മുല്ലപ്പെരിയാര്‍ മരംമുറി : മുല്ലപ്പെരിയാര്‍ ഡാമിനോട് ചേര്‍ന്ന ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ അനുമതി വിവാദമായതിനെ തുടര്‍ന്ന് ബെന്നിച്ചനെ 2021 നവംബര്‍ 11ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. സര്‍ക്കാരിന്‍റെ നിര്‍ദേശം അനുസരിക്കുക മാത്രം ചെയ്‌ത ഒരുദ്യോഗസ്ഥനെ ബലിയാടാക്കി സർക്കാർ മുഖം രക്ഷിക്കുകയായിരുന്നു എന്ന ആരോപണവും ഉയര്‍ന്നു. പിന്നാലെ 2021 ഡിസംബര്‍ 10ന് ബെന്നിച്ചന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചു. മാസങ്ങള്‍ പിന്നിടും മുന്‍പേ മുഖ്യ വനം മേധാവിയായി നിയമനം നല്‍കി സര്‍ക്കാരിന്‍റെ പ്രായശ്ചിത്തവും.