തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളുമെന്ന് സരിത എസ് നായർ ഫോണിൽ പറഞ്ഞതായി പിതാവ് ഉണ്ണി. അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ പുനരനേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജിയിൽ വിധി വരാനിരിക്കെയാണ് സരിതയുടെ ഇടപെടലുണ്ടായതെന്ന് ഉണ്ണി ആരോപിച്ചു.
ജൂൺ 30നാണ് സിബിഐ പ്രത്യേക കോടതി ഹർജിയിൽ വിധി പറയാനിരിക്കുന്നത്. ഇരുപതാം തീയതി തന്നെ ഹര്‍ജി തള്ളുമെന്ന് സരിത എസ് നായര്‍ വിളിച്ചുപറഞ്ഞുവെന്ന് ഉണ്ണി പറഞ്ഞു. ഇന്നലെയും (23.06.2022) ഇന്നുമായി (24.06.2022) നിരവധി തവണ വിളിച്ച് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മേൽക്കോടതിയിൽ അപ്പീൽ പോകാൻ സഹായ വാഗ്‌ദാനം നടത്തിയെന്നും ഉണ്ണി വെളിപ്പെടുത്തി.
സരിതയുമായി ഒരു പരിചയവുമില്ലാത്ത തന്നെ വിളിച്ച് സരിത ഇങ്ങനെ പറഞ്ഞതിൽ അട്ടിമറി സംശയിക്കുന്നുണ്ട്. സുപ്രീം കോടതി അഭിഭാഷകന്‍റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരത്തെ നൽകാമെന്നാണ് സരിത പറയുന്നത്. വിധി പറയുന്നതിന് മുമ്പ് തന്നെ എന്താകും വിധിയെന്ന് എങ്ങനെ സരിത അറിഞ്ഞു എന്ന സംശയമാണ് ഉണ്ണി പ്രകടപ്പിക്കുന്നത്.
ബാലഭാസ്‌കറിൻ്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ അന്വേഷണം തൃപ്‌തികരമല്ല. അപകട മരണമെന്ന കണ്ടെത്തലിനെ അംഗീകരിക്കാൻ കഴിയില്ല. തൻ്റെ സംശയങ്ങൾ ഒന്നും സിബിഐ പരിഗണിച്ചില്ല. കൊലപാതകം എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഇത് തെളിയിക്കുന്നതിനായി സുപ്രീംകോടതി വരെയുള്ള പോരാട്ടം തുടരുമെന്നും ഉണ്ണി ഇടിവി ഭാരതിനോട് പറഞ്ഞു.