തിരുവനന്തപുരം : യാത്രാനിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഈ മാസം 30 ന് ഓട്ടോ ടാക്സി പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തില്‍ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
2018 ലാണ് സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് അവസാനമായി വര്‍ധിപ്പിച്ചത്. നിലവില്‍ ഓട്ടോ മിനിമം നിരക്ക് 25 രൂപയാണ്. പിന്നീട് കിലോമീറ്ററിന് 12 രൂപയായുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ ടാക്സി നിരക്ക് 175 രൂപയാണ്. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയും. നാല് ചക്രങ്ങളുള്ള ഓട്ടോയ്ക്ക് മിനിമം നിരക്ക് 30 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
ALSO READ: Sabarimala Pilgrimage : മണ്ഡല പൂജ ദിവസം സന്നിധാനത്ത് എത്തിയത് 33,751 ഭക്തർ
പെട്രോള്‍ വില കുതിച്ചത് ഓട്ടോ ടാക്സി തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. പച്ചക്കറിക്കും പലചരക്കിനുമെല്ലാം വില വര്‍ധിച്ചതോടെ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളില്‍ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഈ മാസം 30 ന് പണിമുടക്കുന്നത്.
നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ഓട്ടോ ടാക്‌സി തൊഴിലാളികള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ബസ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.