തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്‍ പ്രതിപക്ഷനേതാവ് കത്ത് നൽകി.
കേസ് നിയമവിരുദ്ധമായി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തിൽ സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണ ഉറപ്പാക്കുന്നതിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് ആവശ്യം.
കേസ് പിൻവലിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീംകോടതി വരെ രമേശ് ചെന്നിത്തല നിയമയുദ്ധം നടത്തിയിരുന്നു.
സൗമ്യ കേസ്, നടിക്ക് എതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. സുരേശനെ നിയമസഭ കയ്യാങ്കളി കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നീതി നിർവഹണത്തിനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് കൂട്ടുനിന്ന പ്രോസിക്യൂട്ടറെയോ സർക്കാർ സർവീസിലുള്ള അഭിഭാഷകനെയോ കേസ് ഏൽപ്പിച്ചാൽ അത് പ്രഹസനമായി മാറും.
നീതിന്യായ വ്യവസ്ഥയെ ഇത് പരാജയപ്പെടുത്തുകയും പൊതുതാൽപ്പര്യത്തെ അട്ടിമറിക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.