തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിന് തുടക്കം. കോവളം റാവിസ് ഹോട്ടലിലാണ് യോഗം. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്‌റ്റനന്‍റ് ഗവര്‍ണർമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ ലഫ്‌റ്റനന്‍റ് ഗവര്‍ണർമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നദിജലം പങ്കിടല്‍, തീര സംരക്ഷണം, കണക്‌റ്റിവിറ്റി, അന്തര്‍ സംസ്ഥാന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യൽ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
വെള്ളിയാഴ്‌ച(02.09.2022) വൈകിട്ട് 7.20ന് ബിഎസ്എഫിന്റെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എത്തിയ അമിത് ഷായെ ബിജെപി നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്. കോവളം റാവിസ് ഹോട്ടലിലേക്ക് പോയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
Also read: എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തിയത്. ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിന് ശേഷം വൈകിട്ട് മൂന്ന് മണിക്ക് കഴക്കൂട്ടത്ത് നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. തിങ്കളാഴ്‌ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.