തിരുവനന്തപുരം : രോഗിയുമായെത്തിയ ആംബുലൻസ് കേരള അതിർത്തിയിൽ തടഞ്ഞതിനാല്‍ ചികിത്സ കിട്ടാതെ രോഗി മരണപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി താഹ (52) ആണ് മരിച്ചത്.
മണ്ടയ്ക്കാട് ഉത്സവുമായി ബന്ധപ്പെട്ട് കച്ചവടത്തിന് തമിഴ്നാട്ടിൽ എത്തിയതായിരുന്നു താഹ. ലോക്ക് ഡൗൺ ആയതിനാൽ താഹ തമിഴ്നാട്ടിൽ തന്നെ കഴിയുകയായിരുന്നു. ഹൃദ്രോഗി കൂടിയായ താഹ നേരത്തെ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇയാൾ തമിഴ്‌നാട്ടിലെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ചികിത്സ തുടരുന്ന ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് ഡോക്ടർമാർ റഫർ ചെയ്യുകയായിരുന്നു.
തുടർന്ന് ആംബുലൻസിൽ കേരള അതിർത്തിയിൽ എത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. തിരികെ പോകുന്നതിനിടയിൽ കുളച്ചലില്‍ വച്ചാണ് താഹ മരിച്ചത്. മതിയായ രേഖകളില്ലാത്തതും, ആംബുലൻസിൽ താഹ ഉൾപ്പെടെ അഞ്ചുപേർ ഉണ്ടായിരുന്നതുമാണ് അതിർത്തി കടത്തി വിടാന്‍ തടസമായതെന്നാണ് പൊലീസ് പറയുന്നത്.