തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിൽ പ്രധാന തെളിവായ കത്തി കണ്ടെടുത്തു. പ്രതി രാജേന്ദ്രൻ പേരൂർക്കടയിൽ താമസിച്ചിരുന്ന മുറിയിൽ നിന്നാണ് വിനിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയത്. ഇയാൾ ജോലി ചെയ്‌തിരുന്ന കുമാർ ടീ സ്റ്റാളിനു സമീപത്ത് തന്നെയാണ് താമസിച്ചിരുന്ന മുറി.
കസ്റ്റഡി കാലാവധി ഇന്ന് തീരാനിരിക്കെ വ്യാഴാഴ്‌ച നടത്തിയ ചോദ്യം ചെയ്യലിലാണ് കത്തിയും മറ്റു ചില സാധനങ്ങളും താമസിക്കുന്ന മുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ചതായി പ്രതി രാജേന്ദ്രൻ സമ്മതിച്ചത്. പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തി കണ്ടെടുത്തത്. വാഷ് ബേസിന്‍റെ പൈപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി.
കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കൃത്യം നടക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്‌ത്രങ്ങളും മുട്ടടയ്ക്ക് സമീപത്തെ കുളത്തിലെറിഞ്ഞുവെന്നാണ് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞത്. കുളത്തിൽനിന്ന് ഉടുപ്പ് മാത്രം കണ്ടെടുത്തു. വീണ്ടും പ്രതിയെ ചോദ്യം ചെയ്‌തപ്പോൾ മറ്റു പലയിടങ്ങളിലും കത്തി ഉപേക്ഷിച്ചതായി പറഞ്ഞെങ്കിലും കണ്ടെടുക്കാനായിരുന്നില്ല. ഇതോടെ ആശയക്കുഴപ്പത്തിലായ പൊലീസിന് കത്തി കണ്ടെടുക്കാനായത് ആശ്വാസമായി.
അതേ സമയം തെളിവെടുപ്പിനിടെ പ്രതിയെ കൈയേറ്റം ചെയ്യാൻ നാട്ടുകാർ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിയെ മർദിച്ച ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അന്വേഷണത്തോട് സഹകരിക്കാത്തത് പൊലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.