തിരുവനന്തപുരം: അമ്പലമുക്കിൽ അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി രാജേന്ദ്രനുമായി പൊലീസ് കന്യാകുമാരിയില്‍ തെളിവെടുപ്പ് നടത്തി. വിനീതയെ കൊലപ്പെടുത്തി പ്രതി രാജേന്ദ്രന്‍ മോഷ്‌ടിച്ച നാലരപവന്‍റെ സ്വര്‍ണമാല കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്.
വെള്ളിയാഴ്‌ചയാണ് രാജേഷ് എന്ന് വിളിപ്പേരുള്ള തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ പിടിയിലായത്. പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്‌കൂട്ടറില്‍ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിന് വിവരം കൈമാറിയത്.
പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാൾക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മാല പൊട്ടിക്കാൻ മറ്റൊരു സ്ത്രീയെ പിന്തുടർന്ന പ്രതി കടയിൽ തനിച്ചുള്ള വിനീതയെ കണ്ടു. തുടർന്ന് ചെടികള്‍ വാങ്ങാനെന്ന വ്യാജേന കടയിൽ കയറി മാല പൊട്ടിക്കാൻ ശ്രമം നടത്തി. ചെറുത്തുനിൽപ്പിന് ശ്രമിച്ച വിനീതയെ ഇയാള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Read more: അമ്പലമുക്ക് കൊലപാതകം: അറസ്റ്റിലായ രാജേന്ദ്രന്‍ ഇരട്ടക്കൊലക്കേസ് പ്രതിയെന്ന് പൊലീസ്