തിരുവനന്തപുരം: എകെജി സെന്‍ററിൽ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസില്‍ കുറ്റക്കാരെ കണ്ടെത്താന്‍ വിപുലമായ അന്വേഷണം പുരോഗമിക്കുന്നു. അക്രമി സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിയോ ഡിഎല്‍എക്‌സ് ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഗ്രേഷ്യ സ്‌കൂട്ടറുകളും പരിശോധിക്കുന്നുണ്ട്.
കേസിൽ ദൃക്‌സാക്ഷികളില്ലെന്നതാണ് ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളി. സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ആശ്രയം. 65ഓളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവം നടക്കുന്ന ദിവസത്തെയും തലേ ദിവസത്തെയും ദൃശ്യങ്ങളാണ് ഇതുവരെ ശേഖരിച്ചത്. ഇവ പരിശോധിക്കാന്‍ കൂടുതല്‍ സമയമെടുക്കും. രാത്രിദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ സി ഡാക്കിന്‍റെ സഹായവും തേടിയിട്ടുണ്ട്.
സ്ഥിരം ക്രിമിനലുകളുടെയും സ്‌ഫോടക വസ്‌തുക്കൾ ഉണ്ടാക്കുന്നവരുടെയും വിവരങ്ങൾ ഇതിനോടകം ശേഖരിച്ചു. സ്‌ഫോടക വസ്‌തുക്കള്‍ ഉണ്ടാക്കിയെന്ന കേസില്‍ കുറ്റാരോപിതരായ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ 150 ഓളം പേരുടെ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഈ വഴിക്കുളള അന്വേഷണത്തില്‍ തുമ്പ് ലഭിച്ചില്ലെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ കേസുകളില്‍ ഉള്‍പ്പെട്ടവരെ പറ്റിയും അന്വേഷിക്കും.
സാധ്യമായ എല്ലാവഴിയും ഉപയോഗിച്ച് തെളിവ് കണ്ടെത്താനും അക്രമിയെ പിടികൂടാനുമുളള ശ്രമത്തിലാണ് പൊലീസെന്ന് അന്വേഷണ സംഘത്തലവന്‍ ഡിസിആര്‍ബി അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.ജെ ദിനില്‍ പറഞ്ഞു. അതേസമയം സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. പൊലീസില്‍ വിശ്വാസമുണ്ടെന്നാണ് സിപിഎമ്മിന്‍റെ നിലപാട്.
സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും നേര്‍ക്ക് പ്രതിപക്ഷം ഉയര്‍ത്തുന്ന പരിഹാസത്തിന്‍റെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ സര്‍ക്കാരിന് സമ്മര്‍ദമുണ്ട്.