തിരുവനന്തപുരം : ടിപ്പർ ലോറി ഇടിച്ച് കലക്‌ടറേറ്റ് അഗ്രികൾച്ചറല്‍ വിഭാഗം മുൻ സൂപ്രണ്ട് രാധാകൃഷ്‌ണൻ നായര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ചിറയിൻകീഴ് അയന്തിപന്തുവിള കീഴേകുത്ത് വിളഭാഗം വീട്ടിൽ ഉണ്ണി എന്ന സുധിക്കാണ് തിരുവനന്തപുരം സബ്കോടതി-3 ജഡ്‌ജി ജി. ഹരീഷ് ശിക്ഷ വിധിച്ചത്. പിഴത്തുക മരിച്ച രാധാകൃഷ്‌ണൻ നായരുടെ കുടുംബത്തിന് നൽകാനും വിധിയില്‍ പറയുന്നു.
2012 മാർച്ച് 22 നാണ് കേസിനാസ്‌പദമായ സംഭവം. രാവിലെ 10.15 മണിയോടെ ജോലിക്ക് പോകുന്ന വഴിക്കാണ് രാധാകൃഷ്‌ണൻ നായർ അപകടത്തിൽപ്പെടുന്നത്. കുടപ്പനക്കുന്ന് എസ്.ബി.ഐ ജംഗ്‌ഷന് സമീപത്തായി നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്ത് സ്‌കൂട്ടർ ഓടിച്ച് പോകാൻ ശ്രമിച്ച രാധാകൃഷ്‌ണൻ നായരെ പുറകിലൂടെ അമിത വേഗതയിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ രാധാകൃഷ്‌ണൻ നായരുടെ ശരീരത്തിലൂടെ ലോറിയുടെ ടയർ കയറി ഇറങ്ങി. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് രാധാകൃഷ്‌ണൻ നായരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ALSO READ: രണ്ടര വയസുകാരിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ; വെന്‍റിലേറ്ററിൽ നിന്ന് മാറ്റി
2012 ജൂൺ 25 നാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 17 സാക്ഷികളും,15 രേഖകളും വിചാരണ സമയത്ത് കോടതി പരിഗണിച്ചു. കെ.എസ്.ആർ.ടി.സി കണ്ടക്‌ടർ ജോസ് രാജിന്‍റെ മൊഴിയാണ് കേസിൽ നിർണായകമായത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. പ്രേകുമാർ, അഡ്വ. അരവിന്ദ് ബാബു എന്നിവർ ഹാജരായി.