തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ മൂന്നു പേർക്കും ഇവരുടെ ബന്ധുക്കളായ രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. അഞ്ച് പേരുടെയും നില തൃപ്തികരമാണ്. മാർച്ച് ഒന്നിനാണ് അമ്മയും അച്ഛനും മകനുമടങ്ങിയ കുടുംബം ഇറ്റലിയിൽ നിന്നും കേരളത്തിൽ എത്തിയത്. എന്നാൽ ഇറ്റലിയിൽ നിന്നും എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. ആശുപത്രിയിൽ വരാൻ തയാറാകാതിരുന്ന ഇവരെ നിർബന്ധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ അഞ്ച് പേരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമവും ആരോഗ്യ വകുപ്പ് ആരംഭിച്ചു.
കഴിഞ്ഞ 29 ന് ഖത്തർ എയർവേസിന്റ QR 126 വെനീസ് ദോഹ വിമാനത്തിൽ രാത്രി 11.20 ന് ദോഹയിൽ എത്തിയ ഇവർ ഒന്നര മണിക്കൂർ അവിടെ ചെലവഴിച്ചു. തുടർന്ന് ഖത്തർ എയർവേസിന്‍റെ തന്നെ QR 514 വിമാനത്തിൽ രാവിലെ 8.20 ന് കൊച്ചിയിൽ എത്തി. ഈ വിമാനങ്ങളിൽ യാത്ര ചെയ്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവർ നിർബന്ധമായും ആരോഗ്യ വകുപ്പിനെ അറിയിക്കണം. അല്ലാത്ത പക്ഷം അത് കുറ്റകരമായി കാണേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഏത് സാഹചര്യത്തെ നേരിടാനും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.