തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന പതിനാലാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ (IDSFFK) ഉദ്ഘാടനം ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് മേള നടക്കുക. 26ന് വൈകീട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം ഡോക്യുമെന്‍ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് മുഖ്യമന്ത്രി സമ്മാനിക്കും.
'മരിയു പോളിസ് 2' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ലിത്വാനിയ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ഈ ചിത്രം. സംവിധായകനായ മന്‍താസ് ക്വൊരാവിഷ്യസ് ഈ സിനിമയുടെ ചിത്രീകരണത്തിനിടെ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രദര്‍ശനത്തിനൊരുങ്ങി 261 ചിത്രങ്ങള്‍: 44 രാജ്യങ്ങളില്‍ നിന്നുള്ള 261 ചിത്രങ്ങള്‍ മേളയിൽ പ്രദർശിപ്പിക്കും. ലോങ് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മത്സര വിഭാഗങ്ങള്‍. ആകെ 69 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്ളത്. മത്സരേതര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ഇതര ഭാഷകളില്‍ നിന്നുമുള്ള ഡോക്യുമെന്‍ററികളും ഹ്രസ്വചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വനിത സംവിധായകര്‍ ഐ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമകളുടെ പാക്കേജ് ആയ ഐ ടെയ്ല്‍സ് മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. മുഹ്സിന്‍ മക്‌മല്‍ബഫിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഭാഗമായുള്ള ഈ ചിത്രങ്ങള്‍ എ.ആര്‍ റഹ്മാനാണ് അവതരിപ്പിച്ചിരിക്കുന്നത്.
ജൂറി അംഗങ്ങള്‍: ഡോക്യുമെന്‍ററി സംവിധായിക അഞ്ജലി മൊണ്ടേറിയോ ആണ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്ര പ്രവര്‍ത്തകരായ നിലിത വചാനി, അവിജിത് മുകുള്‍ കിഷോര്‍ എന്നിവരാണ് അംഗങ്ങള്‍. ഫിക്ഷന്‍ വിഭാഗത്തില്‍ ഹന്‍സ തപ്ളിയല്‍ ജൂറി ചെയര്‍പേഴ്‌സണും എഡിറ്റര്‍ ദീപിക കല്‍റ, സംവിധായകന്‍ കമല്‍ കെ.എം എന്നിവര്‍ അംഗങ്ങളുമാണ്.
മേളയുടെ ഭാഗമായി കൈരളി തിയേറ്റര്‍ പരിസരത്ത് വൈകീട്ട് 6.30ന് വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും. മികച്ച ലോങ് ഡോക്യുമെന്‍ററിക്ക് രണ്ടു ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യുമെന്‍ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപ ലഭിക്കും. കേരളത്തില്‍ നിർമിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
Also read: പതിനാലാമത് അന്താരാഷ്ട്ര ഡോക്യുമെൻ്ററി - ഹ്രസ്വചിത്ര മേളയ്‌ക്ക് ഓഗസ്‌റ്റ് 26 ന് തുടക്കം