മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ മൂല്യനിർണയത്തിന് അയക്കാൻ കെട്ടിവച്ച ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഉത്തരക്കടലാസുകൾ ആസൂത്രിതമായി മാറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.
കാലിക്കറ്റ് സർവകലാശാല പരീക്ഷാ ഭവനിൽ നിന്ന് വിദൂര പഠന വിദ്യാർഥികളുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പതിനേഴ് ഉത്തരക്കടലാസുകളാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. മൂല്യ നിർണയത്തിനായി അധ്യാപകർക്ക് അയക്കാനുള്ള ഉത്തരക്കടലാസുകളായിരുന്നു ഇവ. ഫോൾസ് നമ്പർ ചേർത്ത ശേഷം അടുക്കിവച്ച കെട്ടിൽ നിന്നാണ് ഉത്തരകടലാസുകള്‍ കാണാതായത്. അസൽ നമ്പർ കീറിയെടുക്കാൻ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് പേപ്പറുകളിൽ എണ്ണക്കുറവ് കണ്ടത്.
സംഭവത്തിൽ പരീക്ഷാ കൺട്രോളർ ഡോ. പി.ശിവദാസൻ പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തു. ജോയിന്‍റ് കൺട്രോളർ കെ.പി.വിജയൻ, ജോയിന്‍റ് രജിസ്ട്രാർ പി.പി അജിത എന്നിവർ വകുപ്പുതലത്തിലും സംഭവം അന്വേഷിക്കുന്നുണ്ട്.