പാലക്കാട് : വാളയാർ-മണ്ണുത്തി ദേശീയപാതയിൽ ലോറിക്ക് പിറകിൽ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ തമിഴരശി, പ്രശാന്ത് എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറുമാസം പ്രായമുള്ള കുഞ്ഞ് യാതൊരു പരിക്കും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ദേശീയപാതയിൽ കാടാംങ്കോട് മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളിയിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
Also read: അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഡ്രമ്മില്‍ മരിച്ച നിലയില്‍ ; മാതാവ് അറസ്റ്റില്‍
കണ്ടെയ്‌നർ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. തമിഴരശി സംഭവസ്ഥലത്ത് വച്ചും പ്രശാന്ത് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നിനിടെയുമാണ് മരിച്ചത്. രണ്ടുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതത്തിന് തടസമുണ്ടായി. പൊലീസെത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.