പാലക്കാട് : യാക്കര പുഴയിൽനിന്ന് ലഭിച്ചത് കാണാതായ ചിറ്റൂർ സ്വദേശി സുവീഷിന്‍റെ (20) മൃതദേഹമെന്ന നിഗമനത്തിൽ പൊലീസ്. എന്നാൽ തിരിച്ചറിയാനാകാത്തവിധം മൃതദേഹം അഴുകിയതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. കേസിൽ സുവീഷിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കാടാങ്കോട് ഇഎംഎസ് കോളനിയിൽ സൂരജ്(22), പൊൽപ്പുള്ളി സ്വദേശി ഷെമീറലി(22) എന്നിവരാണ് പിടിയിലായത്. ഇവരെ യാക്കരപുഴയിൽ മൃതദേഹം കിട്ടിയ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മൃതദേഹം പുഴയിലെ ചതുപ്പിൽ തള്ളുന്നതിനായി ഉപയോഗിച്ച കല്ല്, കയർ എന്നിവ കണ്ടെടുത്തു. കേസിൽ മൊത്തം ആറുപേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സ്ഥീരികരിച്ചു. കസ്റ്റഡിയിലുള്ള നാലുപേരുടെ അറസ്റ്റും ശനിയാഴ്‌ച രേഖപ്പെടുത്തും.
പൊലീസ് പറയുന്നത് ഇങ്ങനെ : തത്തമംഗലം ആറാംപാടം സ്വദേശി സുവീഷിനെ ജൂലൈ 19 മുതലാണ് കാണാതായത്. അന്ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപത്ത് വെച്ച് സുവീഷിനെ പ്രതികൾ ബലമായി പിടിച്ചുകൊണ്ടുപോയി യാക്കരയിലെത്തിച്ചു. തുടർന്ന് വടികൊണ്ടും കൈകൊണ്ടും ക്രൂരമായി മർദിച്ചു.
അവശനിലയിലായ സുവീഷിനെ അവിടെ ഉപേക്ഷിച്ച് സംഘം സ്ഥലംവിട്ടു. ജൂലൈ 20ന് രാവിലെ എത്തിയപ്പോൾ സുവീഷ് മരിച്ചുകിടക്കുന്നതാണ് കണ്ടത്. തുടർന്നാണ് മൃതദേഹം പ്രതികൾ യാക്കര പുഴയിൽ കല്ലുകെട്ടി താഴ്‌ത്തിയത്. സുവീഷിനെ കാണാതായതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മൃതദേഹം യാക്കരയിൽ പുഴയിൽ കെട്ടിത്താഴ്‌ത്തിയെന്ന സൂചന ലഭിക്കുന്നത്.
വാഹന ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിനോട് വ്യക്തിവിരോധം ഉണ്ടായിരുന്നെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. സുവീഷ് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ ചേര്‍ന്ന് വാടകയ്ക്ക് എടുത്ത കാർ അപകടത്തിൽപ്പെട്ടിരുന്നു. ഇത് നന്നാക്കി നൽകാൻ രണ്ടരലക്ഷം രൂപയോളം ചെലവായിരുന്നു. ഇതിൽ തന്‍റെ പങ്ക് നൽകാൻ സുവീഷ് തയാറായില്ല.
കൂടാതെ സുഹൃത്തിന്‍റെ ഫോൺ മോഷ്‌ടിച്ച് സുവീഷ് മറ്റൊരാൾക്ക് വിറ്റിരുന്നു. ഇതാണ് വൈരാഗ്യത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. സുവീഷിന്‍റെ ബൈക്ക് പിരായിരി പള്ളിക്കുളത്തിന് സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. ലഹരിസംഘത്തിലെ അംഗങ്ങളായ സുവീഷിനും സുഹൃത്തുക്കൾക്കും നിരവധി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.
പിടിയിലായ സൂരജിനെ വെള്ളിയാഴ്‌ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഷെമീറലിയെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും. പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിൽ, കഞ്ചാവ് ഉപയോഗിച്ചതിന് സുവീഷിന്‍റെ പേരിൽ രണ്ട് കേസ് നിലവിലുണ്ട്. അറസ്റ്റിലായവരും കസ്‌റ്റഡിയിലുള്ളവരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു.
ദൃശ്യം മോഡൽ : സുവീഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ നടത്തിയത് ദൃശ്യം മോഡൽ ആസൂത്രണമെന്ന് പൊലീസ്. സുവീഷിന്‍റെ മൃതദേഹം പുഴയിൽ കെട്ടി താഴ്ത്തിയതിനുശേഷം ഫോൺ തമിഴ്‌നാട്ടിലേക്ക് പോകുന്ന ലോറിയിൽ ഉപേക്ഷിക്കുകയായിരുന്നു. തമിഴ്‌നാട് സേലത്തിന് സമീപം പെരുതുറൈയിലുള്ള ഡ്രൈവർക്കാണ് ഫോൺ ലഭിച്ചത്.
കുറച്ചുനാൾ മുമ്പ് സുഹൃത്തുക്കൾ വീട്ടിൽ കയറി സുവീഷിനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനാൽ അമ്മ വിജയം മകനെ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. ലോറി ഡ്രൈവർ ഫോൺ ഓണാക്കിയതാണ് കേസിൽ വഴിത്തിരിവായത്. വിജയത്തിന്‍റെ കോൾ ഇയാൾ എടുത്തതോടെയാണ് മകന് എന്തോ സംഭവിച്ചിരിക്കാമെന്ന് ഇവർക്ക് തോന്നിയത്.
തുടർന്ന് ഇവർ മകനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സുവീഷിന്‍റെ കോൾ ലിസ്റ്റ് പരിശോധിച്ച പൊലീസ് ഓരോരുത്തരെയായി വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
ജീവന് ഭീഷണി : മകന്‍റെ ജീവന് ഭീഷണി ഉണ്ടായിരുന്നുവെന്ന് സുവീഷിന്‍റെ അമ്മ വിജയം പറയുന്നു. കാർ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നതായി അറിയാം. ഇതിന്‍റെ പേരിൽ സുഹൃത്തുക്കൾ മകനെ നേരത്തെ മർദ്ദിച്ചിട്ടുണ്ട്. മകനെ കാണാതയതോടെ സുഹൃത്തുക്കൾ അപായപ്പെടുത്തിയിരിക്കാമെന്ന് സംശയം തോന്നിയിരുന്നു. ഇതാണ് പരാതി നൽകാൻ കാരണമെന്നും വിജയം പറഞ്ഞു.
സുവീഷിന്‍റെ അച്ഛൻ സുരേഷ് നേരത്തേ മരിച്ചിരുന്നു. പിന്നീട് അമ്മ മറ്റൊരു വിവാഹം കഴിച്ചു. ഇതിനുശേഷം സുവീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കുറച്ചുനാൾ മുമ്പ് സുവീഷ് വിവാഹിതനായെങ്കിലും രണ്ട് മാസം മുമ്പ് തീപ്പൊള്ളലേറ്റ് ഭാര്യയും മരിച്ചു. സുഹൃത്തുക്കൾ മാത്രമായിരുന്നു ഇയാളുടെ ഒപ്പം ഉണ്ടായിരുന്നത്. മകന്‍റെ ഒപ്പം നടന്നവർ തന്നെ അവനെ അപായപ്പെടുത്തിയതിന്‍റെ നടുക്കത്തിലാണ് വിജയം.