പാലക്കാട്: സംസ്ഥാന വനം-വന്യജീവി വകുപ്പിന്‍റെ ഉപദേശക സമിതി അംഗമായി അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി യുവാവ്. അഗളി സ്വദേശിയായ മുരുകേശ് ചെറുന്നാലിയെയാണ് ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുത്തത്. മുപ്പത്തൊന്നംഗ സമിതിയിലാണ് മുരുകേശ് ഇടം നേടിയത്.
മുഖ്യമന്ത്രി ചെയർമാനും വനം വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ സമിതിയിൽ വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ എന്നിവയുടെ ഡയറക്‌ടർമാർ, ചിറയിൻകീഴ് എംഎൽഎ വി ശശി, പൂഞ്ഞാർ നിയോജകമണ്ഡലം പ്രതിനിധി സെബാസ്റ്റ്യൻ കുളത്തുങ്കൽ, മലമ്പുഴയിൽ നിന്നുള്ള നിയമസഭാംഗം എ പ്രഭാകരൻ എന്നിവരും സമിതിയിലുണ്ട്.
പാലക്കാട് ജില്ലയിൽ നിന്നും എ പ്രഭാകരൻ എംഎൽഎയും മുരുകേശ് ചെറുന്നാലിയും മാത്രമേയുള്ളൂ. അട്ടപ്പാടിയിൽ നിന്നും ആദ്യമായാണ് ഒരു ആദിവാസി യുവാവ് വനം-വന്യജീവി സംരക്ഷണ വകുപ്പിന്‍റെ ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.
കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും എംബിഎ പഠനം പൂർത്തിയാക്കിയ മുരുകേശ് മുഴുവൻ സമയവും കൃഷിയിൽ വ്യാപൃതനാവുകയായിരുന്നു. 2018ൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള മികച്ച കർഷകനുള്ള കർഷകജ്യോതി അവാർഡും സംസ്ഥാന യുവജനക്ഷേമ വകുപ്പിന്‍റെ യുവകർഷക അവാർഡും മുരുകേശിന് ലഭിച്ചു.
Also read: തൃശൂരില്‍ ആനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം