പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങിയ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി പ്രീപ്രൈമറി ടീച്ചർ. എലപ്പുള്ളി പഞ്ചായത്തിലെ കളത്തോട് എസ്‌സി കോളനിയിലെ കുട്ടികൾക്കാണ് കഞ്ചിക്കോട് സ്കൂളിലെ പ്രീപ്രൈമറി അധ്യാപിക കാമാക്ഷി ഗൗതം ടെലിവിഷൻ എത്തിച്ച് നൽകിയത്.
ഓൺലൈൻ ക്ലാസ് സൗകര്യമില്ലാതെ പഠനം പാതിവഴിയിൽ നിന്നു പോയ മണിയെരി കള്ളാന്തോട് എസ്‌സി കോളനിയിലെ നന്ദന, നിദ, നിത്യ എന്നീ കുട്ടികൾക്കാണ് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കാമാക്ഷി ഗൗതം ആശ്വാസമായത്. തന്‍റെ എല്ലാ വിദ്യാർഥികൾക്കും പഠനം സാധ്യമാക്കാൻ ഓരോ കുട്ടികളുടെ വീടുകളും സന്ദർശിച്ച കാമാക്ഷി ടീച്ചര്‍ അവരുടെ പോരായ്മകൾ മനസിലാക്കിയിരുന്നു. ഇതേ തുടർന്നാണ് ടിവി ഇല്ലാതിരുന്ന കുട്ടികൾക്ക് അവ എത്തിച്ച് നൽകിയത്. എംപി വികെ ശ്രീകണ്ഠനാണ് കുട്ടികൾക്ക് ടിവി കൈമാറിയത്.