പാലക്കാട് : എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വധിക്കാൻ ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട് 11 ദിവസത്തിനകം ആസൂത്രണം ചെയ്തെന്ന് പൊലീസ് കണ്ടെത്തൽ. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേഷാണ് കൊലപാതകത്തിന് തിരിച്ചടിയുണ്ടാകണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. സഞ്ജിത്ത് മരിച്ച് 11 ദിവസത്തിനകം ആർഎസ്എസ് നേതാക്കളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്‌തു.
കൊലപാതകത്തിന് പിന്നിൽ സുബൈറാണെന്ന വിശ്വാസത്തിലാണ് കൊല്ലാൻ തീരുമാനിച്ചത്. എന്നാൽ അവസരം വരും വരെ കാത്തിരിക്കാനായിരുന്നു നേതാക്കളുടെ നിർദേശം. അതിനാലാണ് അഞ്ച് മാസം കാത്തിരുന്നത്. ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതിന് അറസ്റ്റിലായ ആർഎസ്എസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. റിമാൻഡിലായ പ്രതികളെ ഇതിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
Also read: എലപ്പുള്ളി സുബൈര്‍ വധം; മൂന്ന് ആർഎസ്എസ് നേതാക്കൾ അറസ്റ്റിൽ
കൊലപാതക സ്ഥലത്ത് സഞ്ജിത്തിന്‍റെ കാർ ഉപേക്ഷിയ്ക്കുന്നതടക്കം ആസൂത്രണം ചെയ്‌തിരുന്നു. പ്രതികാരമായാണ് സുബൈറിന്‍റെ കൊലപാതകമെന്ന് പൊതുസമൂഹത്തിന് സന്ദേശം നൽകണമെന്നും നേതാക്കൾ ആഗ്രഹിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കാരെയും പിടികൂടാനായത് പൊലീസിനും വലിയ നേട്ടമായി. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നേതാക്കളിലേക്ക് എത്തിയത്.
സഞ്ജിത്ത് മരിച്ച ശേഷവും സുബൈറിന്‍റെ മരണത്തിന് മുന്‍പും രമേഷും സംഘവും ആർഎസ്എസ് നേതാക്കളായ സുചിത്രനെയും ഗിരീഷിനെയും നൂറിലധികം തവണ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അന്വേഷണത്തില്‍ നിർണായകമായത്. കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.