ഇടത് കോട്ട തകര്‍ത്ത് ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് മികച്ച വിജയം. 2008 ല്‍ രൂപികരിച്ച മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫിനൊപ്പം നിന്ന വോട്ടര്‍മാര്‍ ഇത്തവണ കോണ്‍ഗ്രിനെ തുണച്ചു. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ പികെ ബിജുവിനെ പിന്നിലാക്കിയ രമ്യ നേടിയത് ആലത്തൂരിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്. മണ്ഡലത്തില്‍ ഉൾപ്പെടുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടിയാണ് രമ്യ വിജയിച്ചത്.
രമ്യ ഹരിദാസിന്‍റെ ജനകീയതയും വ്യത്യസ്ത പ്രചാരണ രീതിയും വോട്ടായിമാറി. കുന്ദമംഗലം ബ്ലോക് പഞ്ചായത്തംഗമായിരുന്ന രമ്യ ഹരിദാസിന്‍റെ സ്ഥാനാർഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. ആറ് വർഷം മുമ്പ് രാഹുൽ ഗാന്ധിയുടെ ടാലന്‍റ് ഹണ്ട് വഴിയാണ് രമ്യ ഹരിദാസ് ആദ്യം പാർട്ടിയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി നിയമിതയായി. 2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തിലും കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ഒരാളായിരുന്നു രമ്യ. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി. 2007-ല്‍ കോഴിക്കോട് നെഹ്റു യുവകേന്ദ്രയുടെ മികച്ച പൊതുപ്രവര്‍ത്തകയ്ക്കുള്ള പുരസ്തകാരവും രമ്യ സ്വന്തമാക്കിയിരുന്നു. രമ്യയുടെ സ്ഥാനാർഥിത്വത്തെ വലിയ ആവേശത്തോടെയാണ് ആലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടി ജനങ്ങളുടെ കൈയ്യടി നേടിയ രമ്യ ഹരിദാസിന്‍റെ പ്രചാരണ രീതിയെ പലരും വിമർശിച്ചിരുന്നെങ്കിലും ആലത്തൂർ ഇത്തവണ രമ്യക്കൊപ്പം നിന്നു.