പാലക്കാട് : ജില്ല ജഡ്‌ജിക്കുവേണ്ടി ഡോ.നീന പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയതിനെതിരെ പാലക്കാട് കോടതി വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ച് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍. ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിച്ച നടപടിക്കെതിരെ നടന്ന സമരത്തിൽ നിരവധി അഭിഭാഷകര്‍ പങ്കെടുത്തു. പാട്ടും മുദ്രാവാക്യം വിളികളുമായി സര്‍ഗാത്മകമായിരുന്നു പ്രതിഷേധ പരിപാടി.
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി പ്രമോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ജിഞ്ചു ജോസ് അധ്യക്ഷനായി. യൂണിയൻ ജില്ല സെക്രട്ടറി ടി കെ നൗഷാദ്, പ്രസിഡന്‍റ് വിനോദ് കയ്‌നാട്, ബാർ അസോസിയേഷൻ പ്രസിഡന്‍റ് കെ കെ സുധീർ, ബാർ കൗൺസിൽ അംഗം പി ശ്രീപ്രകാശ്, അഡീഷണൽ ഗവ.പ്ലീഡര്‍ ആർ ആനന്ദ്, മാത്യു തോമസ്, കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
നൃത്തം തടസപ്പെടുത്തിയത് ജഡ്‌ജിക്ക് വേണ്ടി : പാലക്കാട് മോയൻ എൽപിഎസിൽ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ശനിയാഴ്‌ച നടത്തിയ ഡോ. നീന പ്രസാദിന്റെ നൃത്തം അനുവദിക്കപ്പെട്ട സമയത്തിന് മുമ്പ് നിർത്താനായിരുന്നു ജില്ല ജഡ്‌ജിയുടെ നിർദേശം. രാത്രി 9.30 വരെ പരിപാടി നടത്താൻ അനുമതിയുണ്ടെന്നിരിക്കെ വൈകിട്ട് അഞ്ചിന് തന്നെ ജഡ്‌ജിയുടെ പേഴ്‌സണൽ സ്റ്റാഫ്, പൊലീസ് എന്നിവരെത്തി മൈക്ക് ഓഫ് ചെയ്യാൻ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു.
ജഡ്‌ജിയുടെ ആവശ്യപ്രകാരമാണ് തങ്ങളെത്തിയതെന്ന് പൊലീസ് സംഘാടകരോട് പറഞ്ഞു. തുടർന്ന് സമ്മർദം മൂലം സാംസ്‌കാരിക സദസ് രാത്രി എട്ടോടെ അവസാനിപ്പിച്ചു. നീന പ്രസാദിന് നൃത്തം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു. ജഡ്‌ജിയുടെ ഇടപെടലിൽ പരിപാടി തടസപ്പെട്ടതിൽ നീന പ്രസാദ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പ്രതിഷേധമറിയിച്ചിരുന്നു.
ALSO READ: നീന പ്രസാദിന്റെ നൃത്തം ജഡ്‌ജിക്കുവേണ്ടി തടസപ്പെടുത്തിയതിനെതിരെ പ്രതിഷേധം
കലാകാരരുടെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉൾക്കൊള്ളാനും നീതിമാന്മാർക്ക് കഴിയണമെന്ന് കുറിപ്പിൽ പരാമര്‍ശിക്കുന്നു. സംഭവത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി. അതിന് പിന്നാലെയാണ് അഭിഭാഷകർ തന്നെ സമരത്തിനിറങ്ങിയത്.