പാലക്കാട്: ജില്ലയിലെ മാര്‍ക്കറ്റില്‍ സാമൂഹിക അകലം പാലിക്കാൻ പ്രത്യേക നിർദേശങ്ങളുമായി പൊലീസ്. എസ്.പി ജി. ശിവവിക്രത്തിന്‍റെ നേതൃത്വത്തിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പാലക്കാട് വലിയങ്ങാടി, വേലന്താവളം പുതുനഗരം, കൊടുവായൂർ ചന്തകളിൽ കൂടുതൽ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല.
ചരക്ക് വാഹനങ്ങളിൽ എത്തുന്ന ഡ്രൈവർമാരും ക്ലീനർമാരും ചന്തകളിൽ ചുറ്റിത്തിരിയുന്നില്ലെന്ന് ഉറപ്പുവരുത്തും. പാലക്കാട് ബിഗ് ബസാറിന്‍റെ അകത്ത് നടക്കുന്ന ലേലം ചൊവ്വാഴ്ച മുതൽ പുറത്ത് നടത്തും. മേലാമുറി ജംഗ്ഷൻ മുതൽ മേഴ്സി ജംഗ്ഷൻ വരെയുള്ള റോഡിൽ പച്ചക്കറി വിൽപ്പനയ്ക്ക് സൗകര്യമൊരുക്കും. എല്ലാ ചന്തകളും ഞായറാഴ്ചകളിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ വൃത്തിയാക്കാനും തീരുമാനിച്ചു. തമിഴ്നാട്ടിൽനിന്ന് വേലന്താവളം ജോലിക്കെത്തുന്ന പച്ചക്കറി കൃഷിക്കാരുടെ എണ്ണം കുറക്കാനും യോഗത്തിൽ തീരുമാനമായി.