പാലക്കാട്: മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ ഓണാവധിക്കാലത്ത് സന്ദർശകരുടെ വൻ തിരക്ക്. തുറന്ന ഷട്ടറുകൾക്കു മുന്നിൽ നിന്ന് ഫോട്ടോയെടുക്കാനും തൂക്കുപാലത്തിൽ കയറാനുമൊക്കെ ആളുകൾ വരിനിൽക്കുകയാണ്. ജില്ലക്കകത്തും പുറത്തും നിന്നും തമിഴ്‌നാട്ടിൽ നിന്നും സന്ദർശകരെത്തുന്നുണ്ട്. സർക്കാരിന്‍റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വിവിധ കലാ പരിപാടികളും ഉദ്യാനത്തിൽ നടക്കുന്നുണ്ട്.
ഉത്രാടത്തിന് 2.4 ലക്ഷം രൂപയും തിരുവോണത്തിന് 3.6 ലക്ഷം രൂപയും വരുമാനം ലഭിച്ചു. അവിട്ടം ദിനത്തിൽ മാത്രം 7.92 ലക്ഷം രൂപയാണ് ലഭിച്ചത്. അവിട്ടത്തിന് അൻപതിനായിരത്തിലധികം പേർ ഡാം സന്ദർശിച്ചെന്നാണ് കണക്ക്. ജലനിരപ്പ് പരമാവധി ഉയർന്നതിനാൽ ഈ മാസം നാലിനാണ് ഡാമിന്‍റെ നാലു ഷട്ടറുകൾ തുറന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഇവ പിന്നീട് അടച്ചില്ല.