പാലക്കാട്: പാടങ്ങളിൽ ഒന്നാം വിള ഇറക്കിയെങ്കിലും മഴയുടെ ലഭ്യത കുറവ് മൂലം ദുരിതം അനുഭവിക്കുകയാണ് പട്ടാമ്പി മേഖലയിലെ നെൽ കർഷകർ. മിഥുനം കഴിയാറായിട്ടും പാടങ്ങളിൽ കൃഷിക്ക് ആവശ്യത്തിന് വെള്ളം ഇല്ല. സമീപത്തെ കിണറുകളിൽ നിന്നും തോട്ടിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് ഞാറു നടീൽ നടത്തിവരുന്നത്. കൊണ്ടൂർക്കര പാടശേഖരത്തിൽ 'ജ്യോതി' വിത്ത് പാകി മുപ്പത് കർഷകരാണ് മഴ കാത്തിരിക്കുന്നത്.
മഴയെ ആശ്രയിച്ചാണ് പട്ടാമ്പി കൊണ്ടൂർക്കര പാടശേഖരങ്ങളിൽ ഒന്നാം വിളയിറക്കിയത്. എന്നാൽ ഇടവിട്ട് പെയ്യുന്ന മഴ കൃഷിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമായി മാറുകയാണ്. നേരത്തെ തയ്യാറാക്കിയ ഞാറ്റടി നശിക്കുമെന്ന അവസ്ഥയെത്തിയപ്പോൾ ഞാറ് നടാൻ തുടങ്ങി. മണൽ പ്രദേശമായതിനാൽ വെള്ളം പെട്ടെന്ന് വറ്റുന്ന അവസ്ഥയാണ്. ഞാറു പറിച്ചുനടാൻ നല്ല മഴ പെയ്ത് വെള്ളം വേണം. രണ്ടാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും കിണറുകളിലെയും തോടുകളിലെയും വെള്ളം പമ്പ് ചെയ്താണ് പാടങ്ങളിൽ വെള്ളം കെട്ടിനിർത്തിയിരിക്കുന്നത്. വെള്ളം ലഭിക്കാത്തതിനാൽ വളപ്രയോഗം നടത്താൻ കഴിയുന്നില്ല. വെള്ളവും വളവും ലഭിക്കാത്തതിനാൽ നട്ട നെൽ ചെടികൾ മുരടിച്ച് പോവുന്ന അവസ്ഥയാണ്.
ചുഴലിക്കാറ്റും ന്യൂനമർദ്ദവും വ്യാപക മഴക്ക് കാരണമാകുമെന്നും ജൂണാദ്യം കാലവർഷം തുടങ്ങുമെന്ന പ്രവചനവും വെറുതെയായി. മഴ പെയ്തില്ലെങ്കിൽ ചെറുകിട ജലസേചന പദ്ധതി വഴി വെള്ളം ലഭ്യമാക്കി ഞാറു പറച്ചു നടേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. എന്നാൽ ജലസേചന പദ്ധതി വഴി വെള്ളം ലഭ്യമാക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നും കർഷകർ പറഞ്ഞു. ഭാരതപ്പുഴയിലും തൂതപ്പുഴയിലും വെള്ളിയാംങ്കല്ല് ജലസംഭരണിയിലും വെള്ളം കുറവാണ്. തോടുകളും കുളങ്ങളും കിണറുകളും വറ്റി വരണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഈ പ്രദേശത്തെ കൃഷി നശിച്ചിരുന്നു. ഇത്തവണ വെള്ളമില്ലാതെ കൃഷി നശിക്കുന്ന അവസ്ഥയാണ്.