പാലക്കാട് : ഒലവക്കാട് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. വാഹന മോഷണം ആരോപിച്ച് മലമ്പുഴ കടുക്കാംകുന്നം റഫീഖിനെ (27) ഒരു സംഘം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
റഫീഖിനെ മർദിച്ചതിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി സമീപത്തെ സിസിടിവി പരിശോധിക്കും. പ്രതികൾ മദ്യപിച്ച ബാറിലെയും സമീപ പ്രദേശത്തെയും സിസിടിവികൾ ശനിയാഴ്‌ച പൊലീസ് പരിശോധിച്ചിരുന്നു.
കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ ? : പ്രതികളായ കൊല്ലങ്കോട് മൈലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശേരി മനീഷ് (23), പല്ലശന പൂത്തോട്‌ത്തറ സൂര്യ (20) എന്നിവർ റഫീഖിനെ മർദിക്കുമ്പോൾ 15 ഓളം പേർ അടുത്തുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരിൽ ആരെങ്കിലും റഫീഖിനെ മർദിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പ്രാഥമിക ഘട്ട പരിശോധനയിൽ പ്രതികളല്ലാതെ മറ്റാരും റഫീഖിനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
Read more: പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്
ഇത് ഉറപ്പിക്കാനാണ് വിശദമായ പരിശോധന. തെളിവെടുപ്പിന്‍റെ ഭാഗമായി ബാർ ജീവനക്കാരെയടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്‌തു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ചിലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. പാലക്കാട് ഡിവൈഎസ്‌പി പി.സി ഹരിദാസ്, ടൗൺ നോർത്ത് ഇൻസ്‌പെക്‌ടര്‍ ആർ സുജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
റിമാൻഡിലായ പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി രണ്ട് ദിവസത്തിനകം അപേക്ഷ നൽകും. മദ്യലഹരിയിലായിരുന്ന പ്രതികൾ പ്രദേശവാസികള്‍ നോക്കിനിൽക്കെയാണ് റഫീഖിനെ മർദിച്ചത്.
കുഴഞ്ഞുവീണ റഫീഖിനെ പൊലീസെത്തി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയ്‌ക്കുള്ളിലെ പരിക്കാണ് മരണകാരണമായത്. റഫീഖിന്‍റെ മൃതദേഹത്തിൽ 26 മുറിവുകളുണ്ടായിരുന്നു. താടിയെല്ല് പൊട്ടിയ നിലയിലായിരുന്നു.