പാലക്കാട്: ഒരു ഗ്രാമമൊന്നാകെ ഒരു നാടകം ജീവശ്വാസമായി ഏറ്റെടുക്കുകയാണ്. ആയിരത്തിലേറെ വർഷം പഴക്കമുണ്ടെന്ന് കരുതുന്ന മാർക്കണ്ഡേയ നാടകത്തിന് ഇന്നും ആസ്വാദകരേറെ. ജില്ലയുടെ സ്വന്തം കലാരൂപം അന്യംനിൽക്കാതെ കൊടുമ്പ് മിഥുനംപള്ളത്തെ യുവതലമുറ അതേറ്റുപിടിയ്ക്കുന്നു.
മാർക്കണ്ഡേയന്‍റെ ആയുസുമായി ബന്ധപ്പെട്ട് ശിവനും യമനും തമ്മിലുള്ള സംവാദമാണ് നാടകം. 150 വർഷം മുമ്പ് നഞ്ചുണ്ട ഗുരു എലപ്പുള്ളി പള്ളത്തേരി ഉദുവക്കാടെത്തി നാടകം അഭ്യസിപ്പിച്ചു. ഇതാണ് പാലക്കാട് മാർക്കണ്ഡേയ നാടകത്തിന്‍റെ തുടക്കമെന്ന് കരുതുന്നത്.
നാടകത്തിൽ മാർക്കണ്ഡേയ വേഷം കെട്ടിയ സ്വാമിനാഥൻ പിന്നീട് മറ്റുള്ളവരെയും അഭ്യസിപ്പിച്ചു. മിഥുനംപള്ളത്ത് നാടകസംഘം രൂപീകരിച്ചു. അക്കാലത്ത് ഏഴു ദിവസം നീളുന്ന അവതരണമായിരുന്നു.
തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാടകം അവതരിപ്പിച്ചു. ശിവരാത്രി ദിവസമാണ് പ്രധാന അവതരണം. രാത്രി ആരംഭിയ്ക്കുന്ന നാടകം പുലർച്ചെ സമാപിയ്ക്കും.
പിരിവെടുത്ത് പണം കണ്ടെത്തും: മിഥുനംപള്ളം ഭക്തമാർക്കണ്ഡേയ നാടക സംഘത്തിൽ 18 പേരുണ്ട്. നൃത്ത സംഗീത നാടകം തമിഴിലാണ് അവതരണം. പ്രദേശത്തെ വീടുകളിൽ പിരിവെടുത്താണ് നാടകം കളിയ്ക്കാൻ പണം സ്വരൂപിയ്ക്കുന്നത്.
മൃദംഗം, ചെണ്ട, ഹാർമോണിയം, ഇലത്താളം, തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങൾ. പാടിയും നൃത്തം ചെയ്‌തും നാടകം അവതരിപ്പിയ്ക്കേണ്ടതിനാൽ ശാരീരിക അധ്വാനം കൂടുതൽ വേണം. അർപ്പണ ബോധത്തോടെ മാത്രമേ നാടകം ചെയ്യാനാകൂ എന്ന് നാടക ആശാൻ കുട്ടിക്കൃഷ്‌ണൻ പറയുന്നു.
കുട്ടിക്കൃഷ്‌ണന്‍റെ മകനും നാടക അഭിനേതാവുമായ ഷിബു പ്രദേശത്തെ കുട്ടികളെ ഒഴിവു സമയങ്ങളിൽ നാടകം അഭ്യസിപ്പിയ്ക്കുന്നുണ്ട്. കളിപ്പന്തലിലാണ് നാടകം കളിയ്ക്കുക. ഭൂമീദേവി എന്ന സ്‌ത്രീ കഥാപാത്രത്തെയും പുരുഷൻ തന്നെ അവതരിപ്പിയ്ക്കും.
വഴിപാടായി നാടകം: ‘അട്ടവാണി’ എന്ന നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റ് ആശാന്‍റെ കൈയിൽ മാത്രമാണ് ഉണ്ടാവുക. ഇത് സംഘാംഗങ്ങളെ ചൊല്ലിക്കേൾപ്പിക്കും, അവർ ഏറ്റുപാടി പഠിക്കണം. നാടകം കാണാൻ വരുന്നവർ പഴം, തേങ്ങ എന്നിവ കൊണ്ടുവരും.
പുലർച്ചെ നാടകത്തിന് ശേഷം ഇത് പൂജിച്ച് കാണികൾക്ക് സമ്മാനിക്കും. ഗണപതി, പൂജക്കുരുക്കൾ, കട്ടിയക്കാരൻ, നാരദൻ, മാർക്കണ്ഡേയൻ, യമൻ, ചിത്രഗുപ്‌തൻ, ശിവൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളുണ്ട്. സന്താനസൗഭാഗ്യത്തിന് നാടകം വഴിപാടായി അർപ്പിക്കുന്നത് വേറിട്ട സംഭവമാണ്.
കനകൻ, കെ കുട്ടിക്കൃഷ്‌ണൻ, കെ രാജപ്പൻ, കെ.എം ചന്ദ്രൻ, ലക്ഷ്‌മണൻ എന്നിവരാണ് ആശാൻമാർ. വലിയ രീതിയില്‍ ചമയവും വസ്‌ത്രാലങ്കാരങ്ങളും വേണ്ടതിനാൽ അവതരണത്തിന് ചെലവേറും. എന്നാൽ നാടകത്തോടുള്ള അഭിനിവേശം മൂലം അതൊന്നും കണക്കിലെടുക്കാതെ മിഥുനംപള്ളത്തുകാർ നാടകം കളി തുടരുകയാണ്.
Also read: കുട്ടികൾ തമ്മില്‍ വഴക്കിട്ടു, സുഹൃത്തിനെ സഹപാഠി വെടിവച്ച് കൊന്നു